ABOUT US

                      ഞാൻ അഞ്ജന വി ....'anjana' എന്റെ ബ്ലോഗ് ആണ് 

anjananairv.blogspot.com  എന്ന വിലാസത്തിൽ ഈ അക്ഷരമുറ്റത്തു വരുന്ന എന്റെ പ്രിയപ്പെട്ട സഹൃദയർക്ക് എന്റെ നന്ദി .ഞാൻ തന്നെ ആണ് ഈ ബ്ലോഗ് അല്ലെങ്കിൽ എന്റെ ചിന്തകളാണ് ഇതിൽ നിറയെ .വരൂ ...നമുക്കൊരുമിച്ചു കാണാം സ്വപ്‌നങ്ങൾ ,പോയ് മറഞ്ഞ നാളുകളിലേക്ക് എത്തിനോക്കാം,നഷ്ടപ്പെട്ട ഗൃഹാതുര സ്പന്ദനങ്ങൾക്ക് കാതോർക്കാം, ഇരുണ്ട കാലത്തിന്റെ കറുത്ത പുകമറകളെ പൊളിച്ചെഴുതാം .....


              കഥകളായി ,കവിതകളായി ,ലേഖനങ്ങളായി ,എന്തിന് ചില കുത്തികുറിക്കലുകൾ ആയ് ഞാൻ നിങ്ങൾക്കരികിൽ ഉണ്ട് .....ഒറ്റപ്പെടലിന്റെ വിങ്ങലിലോ ,വിരസമായ  ഇടവേളകളിലോ നമുക്ക് സംവദിക്കാം ഈ അക്ഷരങ്ങളിലൂടെ .

                         മനസ്സിന്റെ കണ്ണാടി മുഖമാണെങ്കിൽ എന്റെ മനസ്സിന്റെ കണ്ണാടി എന്റെ എഴുത്താണ് .കുഞ്ഞികൈകളിൽ പൊന്താത്ത പുതുവർഷത്തിലെ  ഡയറിയുടെ സുഗന്ധത്തിൽ നിന്നും തുടങ്ങിയതാണ് കൈകളിൽ മഷി പടരാൻ .അർഥം അറിയാതെ എഴുതിക്കൂട്ടിയ പലതും എനിക്ക് പ്രിയപ്പെട്ട എന്റെ നഷ്ടങ്ങൾ ആണ് ....ഇനി തിരിച്ചു പോകാനാകാത്ത നിഷ്കളങ്കതയുടെ സുഖമുള്ള ഓർമ്മകൾ ആണ് ...പിന്നീട് ദുഖത്തിന്റെ ,സംഘർഷത്തിന്റെ നിമിഷങ്ങളെ അതിവിദഗ്ദ്ധമായി കീഴ്പെടുത്തി ഒഴിഞ്ഞ പേനകൾ എന്നെ നോക്കി നിർവൃതി അടഞ്ഞ നാളുകൾ.വിദ്യാലയത്തിന്റെ വലിയ ആകാശത്തോട് ഞാനെന്ന പക്ഷി ഒരുപാട് കടപ്പെട്ടിരിക്കുന്നു ....ആ വിഹായസ്സിലാണ് ഞാൻ കുഞ്ഞിച്ചിറക് വിരിച്ചു പറക്കാൻ ആരംഭിച്ചത് .....ജീവിതത്തിന്റെ എല്ലാ വശങ്ങളെയും ഒരുമിച്ച് നോക്കിക്കാണാൻ പഠിച്ചത് .

                                  മലയാളത്തെ ഞാൻ എത്ര മാത്രം സ്നേഹിക്കുന്നു എന്ന് പൂർണ്ണമായി മനസ്സിലായത് എഞ്ചിനീയറിംഗ് പഠിക്കുമ്പോഴാണ് .യുക്തിയുടെ പുസ്തകങ്ങളെക്കാൾ ഞാൻ ആർത്തിയോടെ വായിച്ചത്  കഥകളും അവയിലെ യുക്തിക്കതീതമായ വികാരത്തെയുമാണ് ...പിന്നീട്‌ തിരിച്ചറിഞ്ഞു ഞാൻ സ്നേഹിച്ച മലയാളം എന്നെ മറ്റു ഭാഷകളെയും സ്നേഹിക്കാൻ പ്രേരിപ്പിക്കുന്നു എന്ന് .തമിഴ് വാക്കുകളിലെ ലാളിത്യത്തിന്റെ ബാഹുല്യവും ,കന്നഡ ഭാഷയുടെ ചടുലതയും ,മറാത്തിയുടെ വന്യതയും ഇന്നെന്നെ ഒരുപാട് മോഹിപ്പിക്കുന്നു ......അറിവുകൾ വളരെ പരിമിതമാണെങ്കിലും ഒരു തികഞ്ഞ ഭാഷ സ്‌നേഹി എന്നതിൽ എനിക്ക് ചാരിതാർഥ്യമുണ്ട് .

                               
 

 ജീവിതത്തിന്റെ പറിച്ചുനടലിൽ എനിക്ക് കിട്ടിയ തിരിച്ചറിവാണ് എന്റെ സ്ത്രീത്വം .....വിവാഹം എനിക്കെന്റെ പങ്കാളിയെ തന്നെങ്കിൽ എന്റെ സ്വത്വത്തിന്റെ കൂട്ടാളിയായി ഞാൻ കൂടെ കൂടിയിരിക്കുകയാണ് ഈ ബ്ലോഗിനെ .ഈ യാത്രയിൽ നിങ്ങൾ സഹൃദയർ ആണെന്റെ തണൽ .....ആ ചായ്പ്പിൽ മടിപിടച്ചു കിടക്കില്ല ....തിരുത്തലുകളുടെ പോക്കുവെയിൽ കൊള്ളാൻ ഇഷ്ടമാണ് ....വിമർശനത്തിന്റെ കൊടും ചൂടും താങ്ങാതെ വയ്യല്ലോ ..കാരണം നിങ്ങൾ ആണ് എന്റെ തണലും കരുത്തും ..

എന്നും കൂടെ ഉണ്ടാകുമെന്ന വിശ്വാസത്തിൽ നിങ്ങളുടെ സ്വന്തം.....

അഞ്ജന വി (  അഞ്ജന വെട്ടിയാട്ടിൽ )

Comments


  1. വരികൾക്ക് വരയ്ക്കുവാൻ കഴിയും, അസ്വാദകന്റെ മനസ്സിൽ....
    🖤....

    ReplyDelete

Post a Comment