പേരറിയാത്തോർ


പൊടി മൂടും ബൂട്ടിൽ കണ്ണീർ പശയൊട്ടി
 തെളിയുമീവട്ടപ്പൊട്ടുകൾ കാൺകേ
നിറയുന്നു കനലായി നീതിപീഠത്തിങ്കൽ അലയായിരമ്പിയ തേങ്ങലുകൾ

അന്നൊരുനാളിലാ വരാന്തതൻ തൂണിന്റ ഇരുപുരം മറ്റൊരു തൂണായി മാറിയോർ
അറിയാതെ തമ്മിൽ കാണാതെ മിണ്ടാതെ ദുഃഖസാമ്രാജ്യത്തിൻ സീമന്തരായവർ


അമ്മയായിരുന്നു ഒരുവൾ മകളായിരുന്നു


നിഴലിനെപ്പോലും കരുതാൻ പഠിപ്പിച്ചു
ചിറകിന്റെ തണലിൽ അവളെ ഒളിപ്പിച്ചു
മകൾക്കച്ഛൻ മറ്റൊരു പുരുഷനായ് മാറവേ
വേരുകൾ പേരുകൾ ചേരാതെയായ്
കടംകൊണ്ട ബന്ധങ്ങൾ ചങ്ങലകളായ്

മുലപ്പാലുകിനിയുന്ന മാറിലേക്കമ്മതൻ മകളായി, നിറവയറുമായി ചായുവാനാവാതെ....
താനറിയാതെ ചുമക്കുന്നതെല്ലാം ഘനബാഷ്പമായ്  പെയ്തൊഴിഞ്ഞീടാതെ... മൂടിക്കറുത്തിരുണ്ടാനാലുചുവരുകളിൽ ... അച്ഛനുമമ്മയും വീടും മരങ്ങളും കുഞ്ഞിക്കൈകളാൽ  കോറിയിട്ട ചുമരുകളിൽ
തളം കെട്ടും മൗനമായി
ശ്രുതി തെറ്റും താരാട്ടായി..

ബീജക്കണക്കിൻ പലിശക്കടം പറ്റി
വരണ്ടമണ്ണിലവ നാമ്പുകളായി
വേരുകൾ പേരുകൾ
ചേരാതെയായി
ഇളംമണ്ണിലാഴ്ന്നവ പതിരുകളായി....

കാലം കരുതും അഴികളിൽ പെട്ടാലും
നീതിത്തുലാസിന്റെ തട്ടിനാഴങ്ങളിൽ 
കാണാവിലങ്ങുകൾ തീർക്കുന്നു ലോകം ചോരയുടെ ചേരാത്ത പേരുകൾ ചാർത്തുന്നു
ചേരാത്ത പേരുകളിൽ മരിച്ചു ജീവിക്കുന്നു
അമ്മയെന്നും മകളെന്നും പേരുകൾ
അവർക്ക് അമ്മയെന്നും മകളെന്നും പേരുകൾ
 *അഞ്ജന വി*

Comments

Post a Comment