നിന്റെ മാത്രം ശരികൾ


ഒരു ചിരി ഇരുചിരിയിലലിഞ്ഞകന്നതിരുകൾ
ഒരുടലായ്, മനസ്സായി, ഒറ്റനേർക്കാഴ്ചയായ്
സ്വപ്നസഞ്ചിയിലവശേഷിക്കും പലതുകൾ
പകലാകാശത്തിൽ തെളിയുന്ന ചിലതുകൾ
മൗനസ്മേരങ്ങളിൽ ഒളിക്കും കൗതുകങ്ങൾ
ഇടവേളയിലിറ്റിടും വിരഹത്തുള്ളികൾ....


അറിയാമതെന്റേതല്ല എന്റെയാകേണ്ടതുമല്ല 
അന്യതാബോധത്തിൻ മതിലിനിരുപുറം
ഉപാധികൾ ഇല്ലാതെ.... സ്വന്തമാക്കാതെ
സ്മൃതികളിലെങ്ങും പണയപ്പെടുത്തിയ
ഓർമ്മ നനവായ 'പ്രണയം'
ഓർമ്മ നനവായ 'പ്രണയം'.......


കഥകളാകുന്ന നമ്മുടെ
ഇരകളാകുന്ന  ഓർമ്മകൾ......
ഉടമസ്ഥബോധത്തിൻ ജപ്തിയിൽ ഉഴറവേ
തിരിച്ചു നേടാൻ, കാണുമോ കുറച്ചോർമ്മ സമ്പാദ്യം  ഇവൾക്ക്..... വിട്ടുകൊടുക്കുന്ന
വാഴ്ത്തപ്പെടുന്ന പ്രണയങ്ങങ്ങൾ പാടി നടന്നവൾക്ക്!


പ്രതീക്ഷയറ്റ പുതു സമവാക്യങ്ങളിൽ
ഉടലിൻ ഘർഷണചൂടാറുമ്പോൾ
തണുക്കാൻ പണിപ്പെട്ട പെണ്മനസ്സിന്റെ
തീക്കനൽ  ഇന്നും കനലായ്... കനവായ് ...
ഉറക്കമില്ലാത്ത രാവിന്റെ മാറിൽ
പൊള്ളും നഖക്ഷതങ്ങളായി.....



കമ്പോള രസങ്ങളായി ഉടലും മനസ്സും
നവ പതിപ്പുകൾ തേടി അലയവേ
നിത്യ ഹരിത പ്രണയസങ്കൽപ്പങ്ങൾ
ഇനിയും വെളിച്ചമെത്താത്ത ബുദ്ധിയുടെ ഏതോ കോണിൽ  അജ്ഞതയുടെ താഴ്‌വരയിൽ ഏങ്ങിഇരിപ്പൂ....


"ശരി തെറ്റുകളുടെ പാപബോധം പേറാൻ
ഞാൻ ഉണ്ട്.. നീ നിന്റെ മാത്രം ശരി തേടുക
നീ നിന്റെ മാത്രം ശരി നേടുക...."
ഏതോ ജീവിക്കാൻ മറന്ന ആത്മാവിന്റെ അശരീരി കേട്ടു ഞാൻ മയക്കമുണർന്നു
എന്നെ സ്നേഹിക്കാൻ ഞാൻ കൺതുറന്നു.


                                                 

                                              അഞ്ജന  വി 



Comments

  1. This comment has been removed by the author.

    ReplyDelete
  2. ഉടമസ്ഥ ബോധത്തിൽ ജപ്തിയിലാണോ എല്ലാവരും? അറിയില്ല... ജപ്തി ചെയ്യപ്പെട്ടെന്ന ബോധം മാത്രമാകാം... ഒന്നും ഒന്നിൻ്റേയും തുടക്കമോ ഒടുക്കമോ അല്ല. ആരും ആരുടേയും സ്വന്തമോ സ്വതന്ത്രരോ അല്ല. രണ്ടില്ലല്ലോ എല്ലാം ഒന്നു മാത്രം.. നമ്മളെല്ലാം വെറും തോന്നൽ മാത്രം... നല്ല കരുത്തുള്ള തുളച്ച് കയറുന്ന വരികളാണ് അഞ്ജനയുടേത്... അഭിനന്ദനങ്ങൾ.

    ReplyDelete
    Replies
    1. ഒരുപാട് നന്ദി ഫാറൂക്കാ 😊

      Delete

Post a Comment