സാഫല്യം :കാന്തവുമിരുമ്പുമായി ഒട്ടുന്ന പ്രണയ സാക്ഷാത്കാരം










നിൻ  കാന്ത പ്രഭ കീറി വലിയും ഞരമ്പുകൾ സൗഹൃദ പടിപ്പുര പിന്നിടുന്നു............
നിന്നിലേക്കണയുവാൻ ഒന്നായ് നിറയുവാൻ
ഇരുമ്പിൻ പൊടിയിൽ കുളിച്ചീറനോടെ
എത്രയോ കാത്തിരുന്ന മഞ്ഞ പുലരികൾ.

ഒരു കടാക്ഷത്തിനായ് മാഞ്ഞും മറഞ്ഞും
നിഴൽക്കൂത്താടിയ എത്രയോ സന്ധ്യകൾ
നിഴലുകൾ നേർരേഖയിലിടയുമ്പോൾ
നാഭിയിൽ ഉയരുന്ന ഗാനമെന്റെ
പ്രണയം പറയാതെ പാടാതെ  തൊണ്ടയിൽ കുരുങ്ങിയമർന്ന സ്വരങ്ങളായി......

സ്വപ്നങ്ങളിൽ  നീയെന്റെ തിലകമായി
നീളുന്ന രേഖയിൽ സായൂജ്യമായി
ഉയിരിന്റെ ഗർഭത്തിൽ പൂവിട്ട
പുഞ്ചിരിക്കതിമധുരമേകി  നിൻ തലോടൽ

ഞാൻ സൂര്യന്റെ താപമേറ്റടർന്ന  പുൽക്കൊടിയിലെ മഞ്ഞുതുള്ളി കണക്കെ
കുതിർന്നു നിന്നു നിന്നിൽ
കണ്ണീർ ചാലുപോലൊഴുകി കഴുത്തിൽ നിന്ന് നിനക്കൊപ്പാനായ് ഇരയ്ക്കുമെൻ  വിയർപ്പ്

ഒരു നിമിഷം മിടിപ്പുനിന്ന നെഞ്ചിൽ
ഇസ്തിരി വിടവ് തീർത്ത നിന്റെ പച്ച ഷർട്ട്‌
കൊള്ളി മീനിന്റെ ചാട്ടം കണ്ട കണ്ണുകൾ
രക്തം വലിയുന്ന നിന്റെ നോട്ടം

രതി വർണ്ണമൊലിയേറ്റ നിന്റെ കൊക്കുകൾ
കൊത്തിവലിക്കുന്ന കണ്മഷി
പടർന്നെന്റെ മിഴികൾ....
നിശ്ചലം നിന്നവ തൊട്ടുമുന്നേ പിന്നിട്ട
ചുഴികൾ കൊടുങ്കാറ്റ് ആഴങ്ങൾ മറന്ന്

ഇന്നലെകളുടെ ഫ്രെയ്മിൽ പതിനാറു വയസ്സിൽ നീയാദ്യമായ് തൊട്ട
എന്റെ വിരലുകൾ......
അമ്പലപ്പടിയിറങ്ങി ദൂരെ കടലിന്റെ വരനോക്കി ആരെയോ ഓർത്തുനിന്ന സന്ധ്യകൾ..

ഒരു സൂര്യ തിലകമായ്  നീ മറയുമ്പോഴെന്തിനോ ഇടനെഞ്ചിൽ കോമ്പസ് കുത്തുന്ന വേദന?
പുതിയ പുലരിക്കായ് നീ  പറന്നതും
എന്റെ മുരത്ത കൈരേഖകൾ മറന്നതും.

നൊന്തില്ല.. നീയെന്ന നീറുന്ന സത്യത്തെ അത്രമേൽ ആയുസ്സിന്റെ കനലിൽ പഴുപ്പിച്ചിരുന്നു  ഞാൻ...
ഉണങ്ങാവ്രണമായി നിന്നെ കരുതാൻ.

കാന്ത പ്രഭയില്ലെനിക്ക് കേമത്തമൊന്നുമില്ല
നിനക്കായ്‌ കാലമിത്രയും ഇരുമ്പിൽ കുളിച്ചവൾ ഞാൻ, അരികെ നിന്നിലൊട്ടിയമർന്നുവീഴാൻ തുരുമ്പു
വീഴ്ത്താതെ ഇത്രയും നാൾ....

                XXXXXXXXXXX

നിറങ്ങളും ശലഭങ്ങളും പനിനീർ ദലങ്ങളും
ചവിട്ടി വന്ന പാതകൾക്കെത്രയോ ദൂരത്തായി......
വൈകിവന്നെന്റെ വസന്തമേ നിനക്കുഞാൻ
പൂത്തുലയുവാൻ എന്ത് നൽകും?

മനസ്സിലിന്നും പൊടിപടരാതെ കാക്കുന്ന
പതിനാറിൽ തട്ടിയ നിൻ തലോടൽ മാത്രം.

ഓർമ്മകളിന്ന് പിന്നോട്ട് പായുന്നു നിൻ കറുത്തിടതൂർന്ന മുടിയിഴ തേടി...
കീമോ കാർന്ന നിൻ കോശങ്ങളിൽ നീ വിറ്റ പലതുകളിൽ ഒന്നായിരുന്നില്ലേ അതും?

എന്നെ വലിക്കുന്നു ഇരുണ്ട
 നിൻ കൺ തടങ്ങൾ ആയിരം
രശ്മികളുടെ പ്രഭാവലയമായി

അന്ന് മടിച്ചു മടിച്ചു അകതാരിൽ
അന്യത്തം പേറി വിറച്ചു നിന്ന
കൈകൾ വേരോടിച്ചു പടരുന്ന നിന്റെ ഉടലറ്റ നിറം മങ്ങിയ പച്ച ഷർട്ടിൽ.

മണമുള്ള പൂക്കളും കിളികളും വേണ്ട.... നാദസ്വരത്തിന്റെ മറയും
ഈ കടലിന്റെ തീരത്ത് സന്ധ്യക്ക്
നിഴലുകൾ മണലിലിഴയുമ്പോൾ
ഒരു മരകഷ്ണമായ്  മാറാതെ ഞാനെൻ ഇരുമ്പുപൊടികൾ വലിച്ചെറിയട്ടെ

ഇരട്ടിച്ച നിൻ കാന്തവലയത്തിലിനിയെന്നും
പ്രശോഭിതയായ് ഞാൻ വിളങ്ങിടും
എന്റെ ഹൃദയത്തിൻ പാന പാത്രത്തിൽ
നിധിയായി നിൻ കണ്ണുകൾ നേദിക്കാം
എനിക്കൊരായിരം കണ്ണുകൾക്ക്
അമ്മയാവാൻ........



                                      അഞ്ജന  വി


Comments

  1. ഞാൻ സൂര്യന്റെ താപമേറ്റടർന്ന പുൽക്കൊടിയിലെ മഞ്ഞുതുള്ളി കണക്കെ
    കുതിർന്നു നിന്നു നിന്നിൽ
    കണ്ണീർ ചാലുപോലൊഴുകി കഴുത്തിൽ നിന്ന് നിനക്കൊപ്പാനായ് ഇരയ്ക്കുമെൻ വിയർപ്പ്...


    ആരാണ് ഈ മഞ്ഞു തുള്ളി ഉരുകി മണ്ണടിയുന്നത് കണ്ടിട്ടും കാണാതെ പോയത്?

    ReplyDelete

  2. 🤣🤣മണ്ണടിഞ്ഞാലും ഒരു പുതുമഴ പിറ്റേന്ന് മഴത്തുള്ളിയായ്, ശിശിരത്തിൽ മഞ്ഞു കണമായി കാത്തിരിക്കും......
    കണ്ടിട്ടും ഇനിയും കാണാതെ പോകട്ടെ എന്നാശിക്കും. എനിക്കിനിയും ഋതു ഭേദങ്ങളിൽ കാത്തിരിപ്പുതുടരാൻ 🤣🤣
    നന്ദി ഫാറൂഖ് ഇക്ക 😊

    ReplyDelete

Post a Comment