അമ്മയറിയാൻ


നേരം കെട്ട നേരത്തും അച്ഛൻ ചരിഞ്ഞു കിടന്ന് കൂർക്കം വലിക്കുമ്പോൾ എന്നെ പാലൂട്ടിയ അമ്മേ.... നഷ്ടപ്പെട്ട ഉറക്കം അമ്മ ഓർക്കുന്നില്ലെങ്കിലും ആ മനസ്സ് എന്നെ വേട്ടയാടുന്നത് കൊണ്ടാണിത് എഴുതുന്നത് -അമ്മയറിയാൻ. 

ക്രിക്കറ്റ്‌ മാച്ച് കാണുമ്പോൾ അമ്മയുടെ പ്രിയപ്പെട്ട പാചക പരിപാടി തട്ടിക്കയറി വരുന്നത് തടയാൻ മനപ്പൂർവം കട്ടൻ ചായകൾ ഉണ്ടാക്കിപ്പിച്ചത് അമ്മ അറിഞ്ഞു കാണില്ല. അറിഞ്ഞെങ്കിലും ഒരിക്കലും ഓർക്കാൻ ഇടയില്ല. ഡൈനിങ്ങ് ടേബിളിന്റെ ഓരത്ത്  ഞങ്ങൾ കൂക്കി വിളിക്കുമ്പോൾ അമ്മ എത്താത്ത ഗ്യാസിന്റെ കണക്കും, തീർന്ന പരിപ്പിന്റെ ബാക്കിയും എണ്ണിപ്പെറുക്കിയിരുന്നു. നീണ്ട സിക്സിലും ഫോറിലും ഞങ്ങളത് കേട്ടില്ലെന്ന് നടിച്ചു. 

പുറത്ത് അച്ഛന്റെ കൂട്ടുകാർ വെടിപറഞ്ഞിരിക്കുമ്പോൾ പ്രിയപ്പെട്ട കൂട്ടുകാരിയുടെ വീടുതാമസത്തിന് പോകാൻ കഴിയാത്തതിന്റെ ദുഃഖം അമ്മ മറിച്ചു പിടിച്ചാണ് അവർക്ക് കാപ്പി ഉണ്ടാക്കി കൊടുത്തത്. 
    രാത്രി മുറിയിൽ ഒച്ചയും ബഹളവും ഒടുവിൽ അമ്മയുടെ നേർത്ത തേങ്ങലും പതിവുള്ള അച്ഛന്റെ കൂർക്കംവലിയും ബാക്കി ആയപ്പോഴും അമ്മ അറിഞ്ഞില്ലേ? 

 നേടിയ  പഠിപ്പിനുള്ള  ചെറിയ സർക്കാർ ജോലി അമ്മ ദൂരത്ത് ആയതുകൊണ്ട് ഉപേക്ഷിച്ചു. അച്ഛൻ ഇടയ്ക്കിടയ്ക്ക്  ട്രാൻസ്ഫറുകൾ  വാരിക്കൂട്ടി.
 ഇഷ്ടമില്ലാത്ത മട്ടൻ ബിരിയാണി ഉപ്പും എരിവും പാകമാക്കി ഉണ്ടാക്കി വയ്ക്കുമ്പോഴും അരക്കാൻ വിട്ടുപോയ  പുതീന ചമ്മന്തിയെ  ചൊല്ലി ഞങ്ങൾ കമന്റ് ഇടുമ്പോൾ പച്ചരിയിൽ ഒഴിച്ച് കഴിക്കാൻ തൈര് തിരയുകയായിരുന്നു അമ്മ.

      അച്ഛന്റെ ഓഫീസിലെ പുതിയ  അപ്പോയ്ന്റ്മെന്റ്. രാഹുൽ - അവനെ അമ്മയ്ക്ക് ഇഷ്ടമായിരുന്നില്ല. അശ്വതി അവന്റെ കൂടെ പോയതിനുശേഷം ഞങ്ങൾക്കും. ഒത്താശകൾക്കും  പാകപ്പിഴകൾക്കും  ഞാനും അച്ഛനും കേൾക്കേണ്ട പഴി അമ്മയ്ക്ക്  വീട്ടുകാരും നാട്ടുകാരും ചാർത്തിത്തന്നു. അപ്പോഴും അമ്മയ്ക്കറിയാമായിരുന്നില്ലേ? അതോ.... 

       എനിക്കും  അശ്വതിക്കും  അസുഖം വന്നാൽ മാത്രം അമ്മ കേറാറുള്ള സ്കൂട്ടർ വാങ്ങാൻ ഇഷ്ടപ്പെട്ട കാശിമാല പണയം വച്ചല്ലോ  പണ്ട്. അച്ഛമ്മയെ  ഒറ്റയ്ക്ക് ആക്കാതെ വീട്ടിലിരുന്ന വർഷങ്ങൾ അത്രയും സായാഹ്നങ്ങളിൽ അമ്മയുടെ കാശി മാലയിൽ ഉരുണ്ട ചക്രങ്ങൾ കണ്ട തെരുവുകൾ,  റോഡുകൾ, നഗരം ഒന്നും അമ്മയെ നൊമ്പരപ്പെടുത്തിയിരുന്നില്ലേ? 

            കുപ്പിവളകൾ,  കല്ലുവെച്ച വലിയ മൂക്കുത്തി,  ചുവന്ന പൊട്ട്,... കുട്ടിക്കാലത്തെ നർത്തകിക്ക് ഇവ ഉപേക്ഷിക്കാൻ എങ്ങനെ കഴിഞ്ഞു? അച്ഛൻ കണ്ട ഏതോ തെരുവിലെ  സ്ത്രീകളുടെ ഛായ  എന്ന് പറഞ്ഞു തടഞ്ഞു  വയ്ക്കപ്പെട്ട ഇവയെല്ലാം അമ്മയെ എത്ര സുന്ദരി ആക്കുമായിരുന്നു...

        ഇപ്പോഴും ചപ്പാത്തിയും പാവയ്ക്ക ജ്യൂസും അച്ഛന്റെ കൂടെ വെറുതെ കഴിക്കുമ്പോഴും അമ്മയുടെ മുഖത്ത് എന്താ  ചിരി മാത്രം.... ഞാൻ,  അവൾ, അച്ഛൻ കാണാത്ത എന്തോ അമ്മയ്ക്ക് ഇപ്പോഴും ഇല്ലേ??
      ഞാൻ അമ്മയെ അറിഞ്ഞിരുന്നില്ല. കുഞ്ഞുനാളിലെ നാമങ്ങൾ... സന്ധ്യാ കീർത്തനങ്ങൾ മുതൽ കടമ്മനിട്ടയുടെ നന്മയുടെ കവിതകൾ വരെ ചൊല്ലി തന്ന അമ്മയെ ഇപ്പോൾ ഞാൻ കാണുന്നു.

        കട്ടൻചായ തിളപ്പിക്കുമ്പോൾ പഠിക്കാൻ കഴിയാതെ പോയ അന്നത്തെ പാചകക്കുറിപ്പ് ഓർത്ത്  അമ്മ  വിഷമിച്ചിരിക്കണം. എന്നിട്ടും മധുരം ഒട്ടും കുറയാതെ തന്ന ആ  കട്ടൻചായ ഇന്നെനിക്ക് കയ്ക്കുന്നു. സത്യം.

       ഒരാഴ്ചയായി അടുപ്പിലൂതി  കരുവാളിച്ച അമ്മയുടെ തുടുത്ത മുഖം വിളറിയിരുന്നു. അച്ഛന്റെ പെങ്ങളുടെ മകളുടെ കല്യാണത്തിന് "ഈ മോന്തയും വെച്ചാണോ നീ വരാൻ പോകുന്നതെന്ന്" സിഗരറ്റ് വലിച്ച് കറുത്ത പല്ലുകാട്ടി അച്ഛൻ  ചോദിച്ചപ്പോൾ അമ്മ കുഴിഞ്ഞ കൺതടങ്ങൾ നോക്കുന്നത് ഞാൻ ഓർക്കുന്നു. അന്ന് പതിവിലധികം പൗഡർ വാരി പൂശിയാണ് അമ്മ പോയത്. രമേശ് മാമൻ കൊണ്ടുവന്ന ഫോറിൻ സ്പ്രൈ  അച്ഛൻ വാരി പൂശുമ്പോൾ  അതുവരെ വിയർത്തു അടുപ്പത്ത് പുട്ടും ചായയും കാച്ചി  വന്നമ്മയ്ക്ക് അത്  ചോദിക്കണം എന്നുണ്ടായിരുന്നു. പക്ഷെ അതിനു മുന്നേ അച്ഛൻ ഷെൽഫ് അടച്ചുപൂട്ടിയിരുന്നു.
            കുട്ടിക്കൂറയുടെ നറുമണത്തിന് പക്ഷേ അച്ഛന്റെ വിയർപ്പ് കലർന്ന മുല്ലപ്പൂ
 ഗന്ധത്തേക്കാൾ തെളിമ  ഉണ്ടായിരുന്നു. സുഖവും.
         അപ്പൂപ്പൻ കല്യാണത്തിന് വാങ്ങിത്തന്ന ജിമിക്കി കമ്മൽ  ഈ 50 വയസ്സിലും അമ്മ  ഇടുന്നത് ഇടയ്ക്ക് എനിക്ക് അരോചകമായി തോന്നിയിരുന്നു. പക്ഷെ ആറുമാസത്തിൽ ഒരിക്കൽ കണ്ണട ഫ്രെയിം മാറ്റുന്ന അച്ഛനെ അറിയിച്ചില്ല അമ്മ ഒന്നും.കണ്ണിപൊട്ടിയ താലിമാലയിൽ  കറുത്ത ചരട് കെട്ടിയിട്ട് നടന്ന  നാളുകളിലൊന്നും. 

          പുറത്തുനിന്ന് നമ്മുടെ വീട് എത്ര സുന്ദരമായിരുന്നു. ഗവൺമെന്റ് ഉദ്യോഗസ്ഥനായ അച്ഛൻ,  നല്ല വീട്ടമ്മയായ ഭാര്യ, രണ്ടു മക്കൾ. രാഹുൽ സെബാസ്റ്റ്യന്റെ  മണവാട്ടിയായ് അശ്വതി വീടുവിട്ടു ഇറങ്ങിയപ്പോഴെ   താളപ്പിഴകൾ പുറം ചെവികൾ  കേട്ടുള്ളൂ. 
പരീക്ഷയുടെ തലേന്ന് ഞാൻ കേട്ട അമ്മയുടെ നേർത്ത  തേങ്ങലുകളും അച്ഛന്റെ  ഉയർന്നുപൊങ്ങുന്ന കൂർക്കംവലിയും  പക്ഷേ അമ്മയുടെ തെളിഞ്ഞ ചിരിയിൽ മായ്ക്കപ്പെട്ടു. 
        ഇന്നു ഞാൻ അമ്മയോട് ചോദിക്കുന്നു അമ്മയ്ക്ക് അറിയാമോ അമ്മയൊരു അടിമയാണെന്ന്?  അച്ഛന്റെയോ അച്ചൂന്റെയോ  എന്റെയോ  അല്ല അമ്മ  അമ്മയുടെ തന്നെ അടിമയാണ്.സ്ത്രീ മനസ്സിന്റെ അടിമ. ഞങ്ങൾക്കായി  ഹോമിക്കുന്ന സ്വപ്നങ്ങളുടെ,  ജീവിതത്തിന്റെ,   കുടുംബത്തിന്റെ  അടിമ.സ്ത്രീത്വത്തിന്റെ  പഴകിദ്രവിച്ച ഒരു ഫോട്ടോ ഫ്രെയിമിന്റെ  ഇടുങ്ങിയ സ്ഥലത്ത് ഒതുങ്ങിക്കൂടുന്ന സ്ത്രീ സങ്കല്പത്തിന്റെ  അടിമ.
   ഈ ആഗോളവൽക്കരണത്തിന്റെ  കാലത്തും ഇനിയും ഉറയ്ക്കാത്ത അച്ചു പോലെ അമ്മ വേറിട്ടുനിൽക്കുന്നു.സ്വയം ഒരു രൂപമില്ലാതെ, കടുംപിടുത്തമില്ലാതെ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്. 
   ഇത് ഇപ്പോൾ ഏറ്റുപറയുന്നത് ഒന്നിനും വേണ്ടിയല്ല. ഈ ലോകത്തിലെ തകർക്കാൻ ആകുന്ന ചില ചട്ടക്കൂടുകളിൽ ഒന്നാണിതെന്ന് എന്റെ ജീവിതം കൊണ്ട് തെളിയിക്കാൻ നാളെ അവസരം കാത്തു നിൽക്കുന്നവൻ  എന്ന നിലയിൽ.....
     
അമ്മേ അമ്മ അറിയണം

         മാറില്ല ക്ലാവ് പിടിച്ച രണ്ട് വളകളും,  മങ്ങാത്ത ചിരിയും,  ഞങ്ങൾക്കായുള്ള പ്രാർത്ഥനയും എന്നിരിക്കലും 
അമ്മ ഒരു അടിമയാണ്.ആ  നല്ല മനസ്സിന്റെ......
    എണ്ണമയമുറ്റിയ നീണ്ട ഉള്ളു കുറഞ്ഞ മുടിയുള്ള, ചിരിച്ചു  പോളിസ്റ്റർ സാരിയും ഗോൾഡൻ വാച്ചിന്റെ  കൂടെ ഒരുപാട് തടിച്ച പൊള്ളയായ സ്വർണവളകളിടുന്ന, കറുത്ത നൂല് എടുത്തുകാണിക്കുന്ന മങ്ങിയ സ്വർണമാലയിൽ രണ്ട്  സേഫ്റ്റി പിന്നും മുഖത്ത് നിന്ന് തുടച്ചെടുക്കാവുന്ന  പൗഡറും പൂശി വരുന്ന ഐശ്വര്യദേവതേ  ഞാൻ 
കൊതിക്കുന്നു..... 
 ക്രിക്കറ്റിന്റെ  ഇടവേളകളിൽ എങ്കിലും ആ പാചകപരിപാടി ഒന്ന് കാട്ടി തരുവാൻ... മുരിങ്ങയുടെ ഇല നുള്ളി തരുവാൻ, മുടിയൊന്ന് പിന്നിട്ട്  തരുവാൻ,  വാരി വിഴുങ്ങിയ  പലഹാരങ്ങളെ ഒരിക്കലെങ്കിലും വാനോളം ഒന്ന്  പുകഴ്ത്തുവാൻ.  അമ്മയ്ക്ക് ചോറിന് ഒരു ഗ്ലാസ് വെള്ളം എടുത്തു  തരുവാൻ. 
    എനിക്ക് വിശ്വാസമുണ്ട് എത്ര പുകച്ചുരുളുകൾക്കിടയിലും തപിക്കുന്ന  കടൽ തിരമാലകൾക്കപ്പുറവും  ഒരു കര എനിക്കായി ഉണ്ടാവും... അമ്മയുടെ സ്നേഹത്തിന്റെ പാലുറവ (ക്ലീഷേ അല്ല സത്യം) വറ്റാത്തിടത്തോളം പ്രതീക്ഷയുണ്ട് എത്ര വലിയ ആഗോളതാപനത്തിനും, വിഘടനവാദത്തിനും,   വർഗീയതയ്ക്കും, മഹാമാരിക്കും  അതീതമായി ഇവിടെ നന്മ നിലനിൽക്കുമെന്ന്.
അമ്മ  മനസ്സിന്റെ  വഴിയമ്പലങ്ങളിൽ നവ വസന്തത്തിന്റെ നാമ്പുകൾ  തളിർക്കുമെന്ന്.  അവിടത്തെ വഴിവിളക്കുകളിൽ ചൊരിയപ്പെട്ട പ്രകാശം  ഏത് വിശ്വാസത്തിനും പ്രത്യയശാസ്ത്രത്തിനും അപ്പുറം ഉയർത്തിപ്പിടിക്കുന്ന മനുഷ്യത്വം ഭൂമിയെ ഭൂമിയായി കാക്കുമെന്ന്.
 
 അപ്പോഴും അമ്മ അടിമത്വത്തിൽ ആയിരിക്കും... സ്നേഹവാത്സല്യങ്ങൾക്ക്  ഹോമിക്കാൻ അവിസ്സായി  സ്വപ്ന സ്വാതന്ത്ര്യങ്ങളെ  പുകയ്ക്കുന്ന ഋഷിതുല്യയായ്...... 



                       അഞ്ജന  വി 



Comments

  1. The best thing a man can do for his children is to love their mother as much as he can

    For me its not a nostalgic poem , for that I thank my elders who appreciated love affection and efforts of Godess who know the magic spell of changing a building into a home , sadness into joy and Off course her best recipes ☺

    Time changes , approach changes , priorities changed

    Now this is the land of an international banking expert left his job to make a beautiful family with his civil servant wife ��


    Era of man who appreciate his woman is not a dream ,
    But a nice experience now

    By hearty gratitude angels for making my life this much beautiful ��

    ReplyDelete
  2. Wow..

    What a narration dear... thanks for this lovely comment.

    ReplyDelete

Post a Comment