വിരുദ്ധ പ്രണയം

 



എപ്പോഴും പ്രണയിക്കാൻ കഴിവുള്ളവർ ഭാഗ്യവാന്മാർ ആണ്. എന്നാൽ ജീവിതത്തിന്റെ ചുമരിൽ വരയ്ക്കുന്ന ചിത്രങ്ങളാകരുത് പ്രണയം. മഴ നനയുന്ന, വെയിൽ കായുന്ന, തണൽ മരത്തിലൂഞ്ഞാലാടുന്ന മണലിൽ എഴുതുന്ന പ്രകൃതി ആകണം പ്രണയം. യാഥാർഥ്യത്തിന്റെ ചൂടേറ്റുരുകിയിട്ടും കത്തിക്കൊണ്ടേയിരിക്കുന്ന മെഴുകുതിരിപോലെ....... മെഴുകായ് അവശേഷിക്കവെ  പ്രണയലഹരിയുടെ അച്ചിൽ  മെഴുകുതിരിയായി വീണ്ടും   ആ നാളം ഉയർന്നു പൊങ്ങണം.

               നിന്റെ കണ്ണുകളാണെന്നെ  ഞാനല്ലാതാക്കുന്നത്. അവ  സത്യത്തിൽ കണ്ണുകൾ ആണോ?? എന്തിനിങ്ങനെ എന്നെ നോക്കുന്നു? കാറ്റ് വീശുന്നതറിയാതെ, പൊടി പടരുന്നതറിയാതെ, ബെല്ലടിച്ചത് പോലും അറിയാതെ ടീച്ചറുടെ ചോക് കഷ്ണം ഷർട്ടിൽ തട്ടിയിട്ടും നീ നോട്ടം പിൻവലിച്ചില്ല.
   
            തിരിച്ചു എനിക്കും നോക്കാതിരിക്കാൻ ആകുന്നില്ല. കണ്ണുകളിലൂടെ നീ ചിരിക്കുകയാണോ കരയുകയാണോ?  എന്തിനു കരയണം അല്ലേ കരഞ്ഞു പോകും സന്തോഷത്തിന്റെ ഉച്ചസ്ഥായിയിൽ കണ്ണിൽ നിന്ന് അറിയാതെ പൊഴിയുന്ന തുള്ളികൾ..... ഒരു വിഷമവും നിന്നെ തീണ്ടുന്നില്ലെന്നറിയാം... എന്നിട്ടും നീ കരയുന്നു കണ്ണീർ ഒലിച്ചിറങ്ങി ചുണ്ടിലെ ഓരത്തെത്തുമ്പോൾ  ചെറുചിരിയോടെ  കണ്ണിമ വെട്ടുന്നു.

            ഈ ചിത്രം മനസ്സിൽ ഓർക്കാൻ കഴിയുന്നവർ പ്രണയം ശ്വസിച്ചിട്ടുണ്ട്. അതെ ശ്വസിക്കുക തന്നെ. ഓരോ അണുവിലും അതെത്തി  ഓരോ കോശത്തിലും അത് പടർന്നു ആവേശമായി നിശ്വസിക്കാറുണ്ട്.. അപ്പോൾ അവൻ നടന്നു നീങ്ങുകയായിരിക്കും.. കയ്യിലെ രണ്ട് നോട്ടുബുക്കുകൾ പുറംതിരിഞ്ഞെന്നെയും നോക്കും.
അവൻ എന്നെ തിരിഞ്ഞ് നോക്കുന്നില്ലെങ്കിലും ഞാനവനെത്തന്നെ നോക്കുന്നത് ആകാശത്തു അവനു കാണാം. അതെ പ്രണയത്തിന് പുറകിലുള്ളതും കാണാം.

          നിരാശയുടെ കൺ കുഴി കണ്ടാൽ, മുഖമൊന്നു വാടിയാൽ, കവിളൊന്നു ചുവന്നാൽ, കണ്ണൊന്നു കലങ്ങിയാൽ  എല്ലാം, അതിന്റെ പിന്നാമ്പുറത്തെ കഥകൾ ആരോടും ചോദിക്കാതെ കാണും, അറിയും.
 വന്ന്  കുറെ നേരം അടുത്തിരിക്കും..... വിരലൊന്നു തൊടും... അപ്പോൾ കണ്ണീർ ധാരയായി കവിളിൽ ചാലുകൾ തീർക്കും.... അവയുടെ തണുപ്പ് ഏറ്റ് ഉച്ചക്കാറ്റ് കൂടുതൽ തണുക്കും...... പൊതിച്ചോറിലെ  വാഴയില മണം പേറുന്ന ബെഞ്ചുകൾ പേരുകൾക്കായ് ദാഹിക്കും......

                 അവിടെ കോമ്പസ് കൊണ്ട് പേരുകൾ കൂട്ടി എഴുതുമ്പോൾ എന്നോ ഒന്നായ മനസ്സും ഇന്നും ഒന്നാവാത്ത ശരീരവും ഞങ്ങളുടേത് തന്നെയെന്ന ചിന്ത ചിരിപ്പിക്കും.. നാണിപ്പിക്കില്ല.... ലോകം, സമൂഹം എന്നീ ദ്വന്ദങ്ങൾക്ക് അപ്പുറമാണല്ലോ ഞങ്ങളുടെ ലോകം.... എന്തിന് നാണിയ്ക്കണം?.... ചുറ്റുപാടും ഞങ്ങൾക്കായി യാന്ത്രികമായി ചലിക്കുക മാത്രമാണ്. പ്രപഞ്ചത്തിൽ രണ്ട് ബിന്ദുക്കൾ മാത്രമേ ജീവിതം ശ്വസിക്കുന്നുള്ളു.... ബാക്കിയെല്ലാം ഏതോ വായു ശ്വസിച്ചു ജീവൻ നിലനിർത്തുന്നു.

           പ്രണയം കണ്ണീരണിയാറില്ലേ? ഒരിക്കലെങ്കിലും.... പരിഭവത്തിന്റെ ചുകപ്പ് പടരാറില്ലേ.... പണത്തിന്റെയോ ജാതിയുടെയോ ഒളിയമ്പുകൾ പുറത്തുനിന്നു വന്നു തറക്കാറില്ലേ? അപ്പൊ പ്രണയം വേദനയാണ്.... കയ്യിലെ സുഖമുള്ള നീറുന്ന ചൊറിച്ചിൽ പോലെ....
വേദനിക്കുമെന്നറിഞ്ഞാലും ചൊറിഞ്ഞുകൊണ്ടേയിരിക്കും....

              മദ്യത്തിന്റെ രുചി നോക്കിയാണോ കുടിക്കുന്നത്.... അല്ല ലഹരിക്കുവേണ്ടി
അതുപോലെ ഒരു ലഹരിയാണ് പ്രണയം... മാംസം ഒട്ടുന്ന ചൂടല്ല..... ദേഹങ്ങൾ അകന്ന് മനസ്സ് മാത്രം അടുത്ത് രണ്ട് ഐസ് കട്ട പോലെ ഒരുമിച്ച് ഒട്ടിച്ചേരുന്ന പൊടുന്നനെ ഉരുകി അലിഞ്ഞു അകലുന്ന വീണ്ടും ഒട്ടുന്ന വിചിത്രമായ പ്രണയം...

          ജീവിതത്തിന്റെ വിയർപ്പുനാറുന്ന ഷർട്ട്‌ ഇടാതെ ഇപ്പൊ അത്തർ പൂശിയ കുപ്പായമിടാം... പക്ഷെ അതിന്റെ വാസന പെട്ടന്ന് പോകും.. ഒന്ന് വിയർത്താൽ..
പക്ഷെ വിയർത്തു വിയർത്താൽ അതിന് നിന്റെ ഗന്ധമാകും..... എനിക്കത് മതി... വീണ്ടും വിചിത്രം

               ആ ഷർട്ടിൽ നിന്റെ  വിയർപ്പ് മാത്രമല്ല.... പറയന്റെ പായയുടെ നാറ്റമുണ്ട്.... അമ്മയുടെ കായക്കറിയുടെ മണം... അനിയത്തിയുടെ ചോറ്റു പാത്രം ചിന്തി ചിന്തി കറിമാത്രം മണക്കുന്ന കീറിയ ബാഗിന്റെ അടിഭാഗത്തിന്റെ കുത്തുന്ന മണമുണ്ട്... അച്ഛന്റെ തൂമ്പയിലെ പുതുമണ്ണിന്റെ ഗന്ധമുണ്ട്....  മുത്തശ്ശിയുടെ പുകയിലയുടെ ചൂരുണ്ട്.
     
             നീ നീയാകുന്നത് ഈ വാസനകൾ കൂട്ടിച്ചേർന്നിട്ടാണെന്ന ബോധം എന്നെ വീണ്ടും ഇവയെല്ലാം ചേർന്ന നിന്റെ ഷർട്ട്‌ നെഞ്ചോട് ചേർക്കാൻ പ്രേരിപ്പിച്ചു...
പക്ഷെ എന്റെ കൈകൾ..... അവ എപ്പോഴും സോപ്പ് ലായിനിയുടെ കൂട്ടുകാരിയാണ്..... മൂക്കിന് എല്ലാ
ഗന്ധവും പിടിക്കില്ല... ഓക്കാനം വന്നേക്കാം.... വീട്ടിൽ ഈ മണങ്ങളുമായ് ചെന്ന് കേറാനുമാകില്ല.
.എന്നാൽ ഇവ എനിക്ക് പ്രിയപ്പെട്ടവയാണ്... വൈരുധ്യങ്ങളുടെ മാലപ്പടക്കത്തിനാണ് ഞാൻ തിരികൊളുത്തിയിരിക്കുന്നത്. അവ പൊട്ടിത്തെറിച്ചുണ്ടാകുന്ന ശബ്ദം ഞാൻ കേൾക്കാതിരിക്കട്ടെ. ചിതറുന്ന കടലാസ് തുണ്ടുകൾ കാണാതിരിക്കട്ടെ
           എന്റെ സാരിയിൽ നിന്റെ ഷർട്ട്‌ എല്ലാ മണങ്ങളും ആവാഹിച്ചു നൽകട്ടെ..... പടക്കം പൊട്ടി വിമലമായ ആകാശത്തു വീണ്ടും പിന്തിരിഞ്ഞു നിൽക്കുന്ന എന്റെ മുഖം നിനക്ക് കാണാനാകട്ടെ...... നിന്നെ നോക്കി ചൊറിയുന്ന കൈ നോക്കി പുഞ്ചിരിക്കാൻ എനിക്കുമാകട്ടെ.
.

                                              അഞ്ജന  വി
             

Comments

  1. Pranyathinte pookalam tanna sugandham vamikuna ormakal ulla oralk varikalkidayilum vayikan orupadulla sundaramaya oru anubhoothi sammanichathin nanni
    you are an excellent writer , who know how to make a sunshine in your canvas than a yellow spot of many artists , which goes beyond with its light

    I bows down before the poetess who is making miracles with her memories which are bringing back to memories which made me myself enjoying every moment in my life

    ReplyDelete
  2. Thankyou dear for your wonderful comment 😊

    ReplyDelete
  3. Love is the magic that teach us how beautiful life can be and how amazing we can live

    Got more nice views from your poem , its really feeling many tender things of our life , those are lost long ago

    Tears and memories are left

    with a hope that some day such a spring season may come back

    ReplyDelete
    Replies
    1. Spring season is within you dear.... thanks for the lovely comment

      Delete
  4. തണുപ്പ് ഏറ്റ് ഉച്ചക്കറ്റു കൂടുതൽ തണുക്കും...... പൊതിച്ചോറിലെ വാഴയില മണം പേറുന്ന ബെഞ്ചുകൾ പേരുകൾക്കായ് ദാഹിക്കും......

    അവിടെ കോമ്പസ് കൊണ്ട് പേരുകൾ കൂട്ടി എഴുതുമ്പോൾ എന്നോ ഒന്നായ മനസ്സും ഇന്നും ഒന്നാവാത്ത ശരീരവും ഞങ്ങളുടേത് തന്നെയെന്ന ചിന്ത ചിരിപ്പിക്കും.. നാണിപ്പിക്കില്ല....

    എഴുത്ത് ഉശാർ

    ReplyDelete
  5. ഒരുപാട് നന്ദി ഫാറൂഖ് ഇക്ക
    😊

    ReplyDelete
  6. Love is a long lost memory to me... And this writing jus reminded me some of the forgotten fragrance...

    ReplyDelete
  7. Love is evergreen.... I wish you could feel the fragrance
    through out your life. Thankyou.

    ReplyDelete

Post a Comment