ചെറുകഥ: സമവാക്യം




"നിനക്കൊരു നല്ല കഥ എഴുതാൻ കഴിയില്ല" വിനീത് ആവർത്തിച്ചുകൊണ്ടിരുന്നു. പത്മ അത്   കേട്ടില്ലെന്ന് നടിച്ചു തന്റെ കസേരയിൽ മുടിയഴിച്ചിട്ട് ആലോചനയിൽ മുഴുകി. ജനൽപാളിയിൽ പൊടി പടർന്നിട്ടുണ്ട് സൂക്ഷിച്ചു നോക്കിയാൽ ചളിയുടെ ഉറച്ചുപോയ ഭാഗങ്ങൾ വ്യക്തമായി കാണാം പക്ഷെ സൂക്ഷിച്ചു നോക്കണം. ഏതു പളുങ്കെങ്കിലും ഒരുതരി പൊടി സൂക്ഷിച്ചുനോക്കിയാൽ കാണാനാകുമെന്ന് അവൾക്ക് തോന്നി...        
     വിനീതിന്റെ  ദീർഘമായ കൂർക്കംവലി തെല്ലും അവളെ അലോസരപ്പെടുത്തിയില്ല. തുടർച്ചകൾ തകർച്ചകളുടെ ആഘാതം കുറയ്ക്കുമെന്ന  സത്യം പത്മ മനസ്സിലാക്കിയിരിക്കുന്നു.. എഴുതാൻ ഇരുന്നതാണ് പക്ഷേ ഒന്നും മനസ്സിലേക്ക് വരുന്നില്ല. നേരം ആരെയോ കാത്തു കിടക്കുന്ന പോലെ ഒട്ടും നീങ്ങുന്നില്ല. എന്തിനീ രാത്രിയിൽ കടും ചുവപ്പും പച്ചയും കോട്ടൻ സാരി ഉടുത്തു  കണ്ണാടിക്കുമുന്നിൽ ഇരിക്കുന്നു? കയ്യിലെ മഷി നനയാത്ത കടലാസും പിടിച്ചുകൊണ്ട്....ഒരു തുള്ളി കണ്ണുനീർ ഇറ്റു വീണിരുന്നെങ്കിൽ...

         കഴിഞ്ഞ കഥയിലെ അലസനായ യുവാവിനെ കുറിച്ച് എഴുതിയത് വിനീതിന് ഇഷ്ടമായില്ല
" എന്നെക്കുറിച്ച് ആണോ എഴുതിയത്"
 "അല്ല "
"നിനക്ക് പരിഹസിക്കാൻ ഒരു മാർഗ്ഗം വീണു കിട്ടിയതാണ് അല്ലെ ഈ എഴുത്ത് "
പത്മ തിരിച്ചൊന്നും പറഞ്ഞില്ല.
       ഗൂഢമായ ഒരു ചിരിയോടെ മറ്റൊരിക്കൽ വിനീത് അവളോട്  ചോദിച്ചു
"മദ്യം രണ്ടുപെഗ്  അടിക്കുമ്പോഴേക്കും
 ഫിറ്റാകുന്നതാരാ? "
അതിനും  പത്മക്ക്  മറുപടിയുണ്ടായിരുന്നില്ല.
        അങ്ങനെ ഓരോ കഥ പ്രസിദ്ധപ്പെടുത്തുമ്പോഴും  തികച്ചും വ്യത്യസ്തരായ  കഥാപാത്രങ്ങളിൽ പോലും വിനീത് സ്വയം ദർശിച്ചു തുടങ്ങി.
പതിയെ അത്  ഉച്ചത്തിലുള്ള  ചോദ്യങ്ങൾ ആയി മാറി.
     എഴുതുന്ന കുട്ടി ആണെന്ന് അറിഞ്ഞു കല്യാണം നടന്നതാണ്,  വായിക്കുന്ന ഭർത്താവിനെ കിട്ടിയ ഭാഗ്യവതി എന്ന് കൂട്ടുകാർ കളിയാക്കിയതും ആണ്.
     പത്മക്ക് എഴുതാതിരിക്കാൻ കഴിയുന്നില്ല. അഷിത പറഞ്ഞതുപോലെ "നീ മാധവിക്കുട്ടി ആകാൻ നോക്കണ്ട" എന്ന് പഴികേട്ട് വളർന്നതിനാൽ ആകണം അവൾക്കും  വാശി കൂടുതലാണ്. എഴുതും... എഴുതിക്കൊണ്ടേയിരിക്കുമെന്ന്.....

             
 ഉള്ളിൽ പതിയുന്ന ചിത്രങ്ങളെ അതുപോലെ അല്ലെങ്കിൽ അൽപം ഭാവന ചേർത്ത്
എഴുതുമ്പോൾ അവൾക്ക് വലിയ സംതൃപ്തിയാണ്.  തന്റെ കൈപ്പടയുടെ ചൂടേറ്റു മറഞ്ഞും പറന്നും കളിക്കുന്ന
കടലാസ്സ് കഷ്ണങ്ങൾ അവൾ അപ്പോൾ ആരും കാണാതെ  വാരിപ്പുണരും.
 നീണ്ട മുടി അഴിച്ചിട്ടും നിറയെ കണ്മഷി വാരിപ്പൊത്തിയും ചുണ്ടിൽ ചായം പൂശിയും നെറ്റിയിൽ സിന്ദൂരമണിഞ്ഞും പൂർണ സ്ത്രീ ആയി എന്ന ചാരിതാർഥ്യം അവൾ അനുഭവിക്കും.
സ്വാതന്ത്ര്യത്തിന്റെ  വേലിയേറ്റത്തിൽ ഉള്ളം കവിഞ്ഞവൾ കരയാറുപോലുമുണ്ട്.
മുറിക്ക് ചുറ്റും നൃത്തം ചവിട്ടാറുണ്ട്.
 എത്ര തവണ കഥകൾ പ്രസിദ്ധീകരിക്കാതെ തിരിച്ചുവന്നാലും സ്വന്തം കുഞ്ഞിനെപ്പോലെ അവയെ മാറോടണയ്ക്കാറുണ്ട്.
           കാരണം ആ കഥകൾ അവൾ തന്നെയാണ്.  അവളുടെ എന്നു തോന്നുന്ന മറ്റു പലതും ചേർന്നവ.
അസ്വസ്ഥമായ മനസ്സിന്റെ  വേലിയിറക്കത്തിലും  അവൾക്ക് മറ്റൊരു കടലില്ല... കഥകൾ എഴുതുക എഴുതുക
എന്നല്ലാതെ.... ആ ചുഴിയിൽ സ്വയം ദിക്കറിയാതെ പെടാൻ അവൾ കൊതിച്ചുകൊണ്ടേയിരുന്നു...

               മൗനം കൂട്ടിരിക്കുന്ന മുറിയിൽ വിനീതുള്ളപ്പോൾ പോലും  അവൾ  തനിച്ചായി. തീൻമേശക്കിരുവശവും ഇരിക്കുമ്പോഴും അവർ തമ്മിൽ നോക്കിയില്ല

" ഇനി എന്റെ മാനം കളയുന്ന വല്ലതും ആകുമോ അടുത്ത സൃഷ്ടിയിൽ? "
 അതിനും അവൾ മറുപടി പറഞ്ഞില്ല. ഒന്ന് പുഞ്ചിരിച്ചുകൊണ്ട് എഴുന്നേറ്റുപോയി

  അലക്കിയ തുണികൾ അലമാരയിൽ എടുത്തു വയ്ക്കുമ്പോഴും
 ഭക്ഷണം പാകം ചെയ്യുമ്പോഴും തറ തുടക്കുമ്പോഴും  അവർ തമ്മിൽ മിണ്ടാട്ടം ഉണ്ടായിരുന്നില്ല, രാത്രി എഴുതാനിരിക്കുമ്പോൾ പരാതിയുടെ ഭാണ്ഡക്കെട്ട് ഇറക്കി വയ്ക്കുന്ന വിനീതിനോട് മൗനം മാത്രം സംവദിച്ചു കൊണ്ടവൾ മറ്റൊരു മുറിയിൽ ഉറങ്ങാൻ പോയി.

 ഇന്ന് പത്മയുടെ പുതിയ കഥ പുറത്തുവന്നു. മാസിക തുറന്ന് വായിച്ചു ഉടനെ വിനീതിന്റെ  ഫോൺ എത്തി.
" നീ ഒന്നിനായിട്ടാണോ, ഇതുവരെ കമല ശരണ്യ എന്നൊക്കെ ആയിരുന്നു ഇപ്പോ 'ഞാൻ 'വച്ച് എഴുതാൻ തുടങ്ങിയോ? അപ്പോ നീ എഴുതുന്നതൊക്കെ എന്നെക്കുറിച്ച് ആണെന്ന് നാട്ടുകാരും വീട്ടുകാരും കരുതില്ലേ?? പുറത്തിറങ്ങി നടക്കാൻ സമ്മതിക്കില്ല അല്ലേ? "
 അന്ന് ആദ്യമായി അവൾ പ്രതികരിച്ചു.
" ഞാനെന്ന്  ഞാൻ എഴുതിയാൽ അതിന്റെ മറുഭാഗം വിനീത്  മാത്രമാണെന്ന് ആരു പറഞ്ഞു? "
 ഫോണിന്റെ മറു ഭാഗത്തു നിന്ന് നിശബ്ദത. ഒടുവിൽ ഒരു വലിയ ശബ്ദത്തോടെ ഫോൺ നിലയ്ക്കുന്നു.
 അതെ പത്മയുടെ 'ഞാൻ 'അവൾ എങ്കിൽ അപ്പുറത്ത് അവർക്കിഷ്ടമുള്ള കഥാപാത്രങ്ങൾ നിറയും....
 നിറയെ ഭീതിയും ഭീരുത്വവും സംശയവും പേറി വിനീതിനിനി  അവളെ നോക്കാൻ ആകില്ല. കാരണം അവൾ എന്നത് അവന് നേരെയുള്ള ഒരു സമവാക്യം അല്ല.അവൾക്ക് നേരെ ഒരധിക ചിഹ്നമായി മാറിയെങ്കിൽ എന്ന് അവൻ ആശിച്ചുപോയി.
 പത്മക്ക്  നല്ല കഥകൾ ഇനി എഴുതാൻ കഴിഞ്ഞേക്കാം എന്ന് വിനീതിന് തോന്നി.
 അവന്റെ മനസ്സിൽ പുതിയ കഥാ സരണികൾ നാമ്പിട്ടു....... ഒരായിരം കടൽ ചുഴികൾ അവനെ ഗ്രസിച്ചു......


                                           അഞ്ജന വി 

Comments

  1. Its awesome to be a woman , but difficult until she realise her own strength


    ������������������������������������������������������������������������������������������������������������������������������������������������������������������������������������

    ��

    ReplyDelete
  2. An experienced writer , a wandering psychologist , ...

    ReplyDelete
  3. Swatantryam tane amrtam
    Swatantryam tane jeevitam
    Swatantryam manikalk swargatekal pradanam

    ReplyDelete
  4. Realistic. Good writing Anjana

    ReplyDelete
  5. This comment has been removed by the author.

    ReplyDelete

Post a Comment