ചങ്ങായ്മാർ

 




ഒന്നും പറയാതെ കണ്ണിലെ നോവുവായ്യ്ക്കും
എന്റെ ചങ്കിന്റെ ചങ്കാണെൻ ചങ്ങായ്മാർ 
ആരും തുണയില്ലാതുഴറുന്ന കടലിൽപോലും
ഇരു പങ്കായമായിമാറും കൂട്ടാണവർ 

മധുരമാമോർമ്മ പെയ്യും ഇന്നലെകൾ 
മനതാരിൽ നനയുന്നിന്നും നമ്മളെല്ലാം 
ഒന്നിച്ചിരുന്നതും പങ്കിട്ടെടുത്തതും 
വഴിയറിയാ വീഥികളിൽ വെറുതെ നടന്നതും


പ്രണയം പൂക്കുമ്പോൾ വസന്തം വിരിയിക്കാൻ  
പരസ്പരം താങ്ങായി തണലായി നിന്നവർ  
ഒടുവിലാ ഗുൽമോഹർ ചുവപ്പിൻചോട്ടിൽ 
വിരഹം മുഖമമർത്തി തേങ്ങും വേളയിലും 
നെഞ്ചോടു ചേർത്തവർ കണ്ണോണ്ട് ചൊല്ലിയോ 
എന്നെന്നും കൂട്ടുണ്ട് ഞങ്ങളെന്ന് 

കാലം കാത്തുവെക്കും കാലക്കേടിൻ കിടപ്പിലും 
പുഞ്ചിരിയുമായെന്നെ
തഴുകിയുണർത്തുവോർ 
തിരിച്ചുനേടാനാകില്ലെന്നുറപ്പിച്ചോരാ 
സ്വപ്നങ്ങളൊക്കെയും തിരിച്ചുതരുന്നവർ 

രക്തബന്ധത്തിൻറെ ബന്ധനമില്ലാതെ 
ഹൃദയരക്തത്താൽ ഒന്നായിത്തീർന്നവർ 
സത്യമാം ആനന്ദം ഉള്ളിന്റെ ആഘോഷം 
അനന്യമായ് വർത്തിക്കുമീ  സുഹൃത്ത് ബന്ധം തന്നല്ലോ 
എന്ത് മറന്നാലും എങ്ങു  മറഞ്ഞാലും 
എന്നെന്നും പെയ്യട്ടെ ഓർമ്മകൾ നമ്മിൽ 


                                         അഞ്ജന വി 

Comments

Post a Comment