കാച്ചിയ എണ്ണ മണക്കുന്ന (വഴുക്കുന്ന )ഓർമ്മകൾ


     
     ഒരു കാലഘട്ടത്തിന്റെ കടന്നുപോകൽ മറ്റൊരു കാലത്തിന്റെ നഷ്ടബോധം പേറിക്കൊണ്ടാണ്‌. തുടർന്ന് മറ്റൊരു കാലത്തിന്റെ വരവേൽപ്പിൽ തന്റെ  ശൂന്യത അടയാളപ്പെടുത്തികൊണ്ടും.
 അതുകൊണ്ടുതന്നെ ഗൃഹാതുരത്വം  അഥവാ നൊസ്റ്റാൾജിയ എന്നത് ചിരകാല സ്മരണയാണ് എല്ലാവർക്കും.
 പച്ചിലക്കും പഴുത്തിലക്കുമിടയിലെ സമയം...


        തൊണ്ണൂറുകളുടെ ഞായറാഴ്ച സന്ധ്യ കൾക്ക് ഇരുട്ടു കൂടുതലായിരുന്നു അണയാൻ പോകുന്ന നാളം പോലെ കത്തിയമർന്ന്‌  പൊടുന്നനെ പരക്കുന്ന ആ അന്ധകാരം അടുത്ത ദിവസത്തെ സ്കൂൾ യാത്രയുടെ,  ഹോംവർക്ക് ചെയ്ത് തീരാത്തതിലുള്ള  ബദ്ധപ്പാടിന്റെ, ടീച്ചറുടെ കയ്യിൽ നിന്നും കിട്ടാൻ പോകുന്ന അടിയുടെ,  ഇമ്പോസിഷന്റെ  ഒക്കെ ഇരുട്ടായിരുന്നു എന്ന് ഇന്ന് തോന്നിപ്പോകുന്നു. തൂക്കിലേറ്റാൻ പോകുന്ന പ്രതിയുടെ അവസാന ആശ പോലെ ദിനോസറിന്റെ  കാർട്ടൂൺ ടിവിയിൽ തെളിയുന്നു. ഇനി  ടിവി ഇല്ല. നേരത്തെ കിടന്നുറങ്ങണം. തിങ്കളാഴ്ച മുതൽ ഒരേ ടൈംടേബിൾ.

    തേങ്ങയരച്ചു ചെറിയ ഉള്ളി വറുത്തിട്ട  ചെമ്മീൻ കൂട്ടാനും മുരിങ്ങയിലയുടെ ഉപ്പേരിയും ചോറും കൂട്ടിയുള്ള ഊണ് ഏതോ പഴയ സിനിമ പോലെ കണ്ണടച്ച് അനുഭവിക്കാൻ ആകുന്നുണ്ട്  ഇന്ന്.
അന്നത്തെ ഉച്ചക്ക് ഒരു ഇളംമഞ്ഞനിറം ആയിരുന്നു എന്നാണ് ഓർമ്മ. എച്ച് ഡി തെളിമ ഇല്ലാത്ത കാലം .പക്ഷെ  ഗന്ധം ഇന്നത്തെക്കാൾ ശക്തമായിരുന്നു... തൊട്ടടുത്ത പാടത്തെ ചെളിയിൽ കളിച്ച് കാക്കപ്പൂ പറിച്ചും കൊച്ചു മീനുകളെ
തോർത്തിൽ  പിടിച്ചും വെള്ള ഷെമ്മിയിൽ   അവിടെ ഇവിടെ ചളിപുള്ളി കുത്തി വീട്ടിൽ  ഉച്ചയ്ക്ക് കയറിവരുമ്പോൾ പുളിയിട്ട മീൻ ചാറും ചേറും  ചേർന്നൊരു  ഗന്ധം വല്ലാതെ ഇന്ന് ഭ്രമിപ്പിക്കുന്നു. കാലുകഴുകാതെ വന്നതിന് മുല്ലയുടെ ചെറിയ ചില്ലകൊണ്ട് മുട്ടിനു താഴെ നല്ല ചുവന്നു തടിച്ച രേഖകൾ തെളിഞ്ഞാലേ  കണ്ണീരിന്റെ ഉപ്പുകൂടി ഊണ് കഴിക്കാനാകുമായിരുന്നുള്ളു.

     വീടിന്റെ മുൻവശം നെൽപ്പാടമാണ്.. വൈകുന്നേരമായാൽ കൂടണയാൻ നിൽക്കുന്ന കിളികളുടെ യാത്രയയപ്പാ ണവിടെ. ഇളം പച്ചനിറമാണ് ആകെ.. പടർന്നു നിൽക്കുന്ന മാവിന്റെ താഴ്ന്ന കൊമ്പിലിരുന്നാൽ സുഖമായി ഊഞ്ഞാൽ ആടാം. പൊന്തിയും താഴ്ന്നും മനോരാജ്യങ്ങളുടെ ഏത് ഗോപുരത്തിനറ്റ ത്തും പോയ്‌ 'ടപ്പേ ന്ന് 'തിരിച്ചെത്താം. ഡിസംബർ ജനുവരി കാലങ്ങളായാൽ മാവ് പൂത്തു തുടങ്ങും. പൂത്തമാവിന്റെ ചോട്ടിലിരുന്നാൽ മാങ്ങാ ചമ്മന്തിയുടെ ഒരു ഗന്ധമണാകെ പരക്കുക. അത്ര പുതുമ നൽകുന്ന മണം ഒരുപക്ഷെ പഴുത്ത മാങ്ങക്കുപോലും നൽകാനാകില്ല. താഴ്ന്ന കൊമ്പുകളിലെ മാമ്പൂവ് ആരും കാണാതെ ഓടിച്ചു കഴിക്കും.പടിഞ്ഞാറു ഭാഗത്താണ് മാവിന്റെ താഴ്ന്ന കൊമ്പ്. അവിടിരുന്നു ചുകപ്പും മഞ്ഞയും വെള്ളയും പച്ചയും നീലയുമായുള്ള മാമ്പൂവ് കഴിക്കുമ്പോൾ ആകാശം മഴവില്ലകുന്നതുപോലെ തോന്നും. കണ്ണിമാങ്ങകൾ ഉപ്പും മുളകും വെളിച്ചെണ്ണയും ചേർത്ത് പങ്കിടും.

       ഒരു ചെറിയ കിടങ്ങുണ്ട് മാവിന്റെയും പേരമരത്തിന്റെയും നടുക്കായി. സായാഹ്നങ്ങളിൽ ഓടിക്കളി അതിന്റെ ഓരം പറ്റിയാണ്. ചാടിയും മറിഞ്ഞും ഒളിച്ചുകളിച്ചും കടന്നുപോകുന്ന നിമിഷങ്ങൾക്ക് സാക്ഷിയായി വെള്ള ലില്ലി പൂക്കൾ പൂത്തു നിൽപ്പുണ്ടാകും. ഇത്ര സുന്ദരമായ പൂക്കൾ ഞാൻ വേറെ കണ്ടിട്ടില്ല. റോസിന്റെയും ആമ്പലിന്റെയും സൗന്ദര്യം ഒത്തിണങ്ങിയ നീണ്ട വെള്ള ഇതളുകളും പശ പോലുള്ള നീണ്ട കൂർത്ത ഇലകളുമുള്ള ലില്ലിപ്പൂക്കൾ ഒന്നുമെഴുതാത്ത സ്ലേറ്റ് പോലെ ആണ്..... അത്ര നിർമ്മലം........ഇഷ്ടമുള്ള സിനിമ പോസ്റ്റർ പോലെ നെഞ്ചിൽ മായാതെ നിൽക്കുന്ന ചിത്രം.

     അടിവസ്ത്രം മാത്രമിട്ട് എല്ലും കോലായ ഞാൻ കവിത എഴുതാറുള്ള ഇടത്താവളമാണ് എന്റെ പേരക്കമരം. നിറയെ കയ്പുള്ള പേരക്കകൾ കാണും. നല്ല ചവർപ്പാണ്, കട്ടിയും. എങ്കിലും കട്ടുറുമ്പുകളുടെ കടിയേറ്റ് സർഗ്ഗവേദന ശമിപ്പിക്കുമ്പോൾ കയ്യിലൊരു പേരക്ക പതിവായിരുന്നു.
       പദ്മരാജന്റെ കഥകളിലെ പുകക്കണ്ണടകൾ ഞാൻ കണ്ടത് മറ്റൊരു കണ്ണാടി വെച്ചുകൊണ്ടാണ്. അടുത്ത വീടുകളിലെ കരിപിടിച്ച പിന്നാമ്പുറങ്ങളിലെ ചിമ്മിനികളിൽ നിന്നുയരുന്ന കറുത്ത പുക. ചോറും പലഹാരവും കാലായെന്നോതുന്ന സൈറൺ പോലെ ഉയർന്നു പറന്നുകൊണ്ടിരുന്നു. ഒച്ചയുണ്ടാക്കാതെ. അന്ന് ഒന്നിനും അധികം ശബ്ദമുണ്ടായിരുന്നില്ല. നിശബ്ദമായ് ചെയ്യേണ്ടത് ചെയ്തും പറയേണ്ടത് പറഞ്ഞും കഴിഞ്ഞുപോയ നാളുകൾ. ഇന്നത്തെ ചെറിയ ഇലയന ക്കത്തിനുപോലും വലിയ പ്രതിധ്വനികളാണ് . പൊള്ളയായ ഈ ശബ്ദഘോഷത്തിൽ 'മൗനം ' ഒരു നിധിയായി മാറുകയാണ് നമുക്കിടയിൽ. രണ്ടുപേർ തമ്മിൽ മിണ്ടാതിരിക്കുന്ന ശബ്ദമില്ലായ്മയല്ല. മറിച്ചു ഞാൻ ചെയ്യേണ്ടതെന്തെന്ന് എനിക്കും സ്നേഹത്തോടെ എനിക്ക് ചെയ്തുതരുന്നുവെന്നു തിരിച്ചു ഞാനും ഉൾക്കൊള്ളുന്ന മൗനം. മനസ്സുകൊണ്ട് തിരിച്ചറിയുന്ന ശബ്ദ തരംഗങ്ങൾ...... അത് ചിലപ്പോൾ നാലുമണിക്ക് അറിയാതെ കിട്ടുന്ന ഇലയടയാകാം. അത് കയ്യിൽ കിട്ടുമ്പോൾ കണ്ണിൽ തെളിയുന്ന തിളക്കമാകാം. എന്തുമാകാം.... ഇന്നിന് വിലമതിക്കാനാകാത്ത എന്തും.


               ഇതെല്ലാം പിന്നോർമ്മകൾ ഒന്നുമല്ല. മുന്നോട്ട് ഇഴയുമ്പോൾ (ഓടുന്നു എന്ന് തോന്നുന്നു )മനസ്സിൽ ഒരു ചന്ദനക്കുറി വരച്ച തണുപ്പ് കിട്ടാൻ ഒന്ന് കണ്ണടച്ചാൽ മതി. ഒറ്റക്ക് കെട്ടിപ്പിടിച്ചുറങ്ങാൻ, ഒരു തുള്ളി കണ്ണീരിറ്റുവീഴാൻ, ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിരിയാൻ എന്റെ ഈ 'മുന്നോർമ്മകൾ ' മതി. മുന്നേയുള്ള ഇനിയും മുന്നോട്ടായാൻ കരുത്താകുന്ന , താങ്ങാകുന്ന ഓർമ്മകൾ. കഴുത്തറ്റം വെട്ടിയ കറുത്ത മുടിയിൽ കുളി കഴിഞ്ഞും താളിപ്പൊടിയോടൊപ്പം നിറഞ്ഞു നിൽക്കുന്ന കാച്ചിയ എണ്ണയുടെ മണം. ജീരകവും തുളസിയും ചേർന്നുള്ള ആ പഴയ കാലത്തിന്റെ കാച്ചിയ എണ്ണ മണക്കുന്ന (വഴുക്കുന്ന ) ഓർമ്മകൾ...
 

                                                       അഞ്ജന വി







Comments

  1. Vaakukal ennatheyum pole oru innaleye varachu tharunnu... nasthtapettath kondayirikkum ah ormakalk oru madhuram.. keep writing annamme

    ReplyDelete
  2. Good work അഞ്ജനാ പഴമയുടെ സൗന്ദര്യം കാലമാകുന്ന നദിയിൽ അലിയുമ്പോൾ ഒരിത്തിരി നേരം കണ്ണുകളടച്ച് ഓർമ്മകൾ ചികയുമ്പോൾ ആ സുഖം ഞാൻ അറിയുന്നു. ...... കൂടുതൽ ലേഖനങ്ങൾ പ്രതീക്ഷിക്കുന്നു.
    ചിത്രാഞ്ജലി

    ReplyDelete
  3. ഒരുപാട് നന്ദി സ്നേഹം ചിത്ര...

    ReplyDelete
  4. മനസ്സിൽ ഒരുപാട് ചിത്രം വരച്ചു തരുന്ന വാക്കുകൾ... 🥰

    ReplyDelete
  5. നന്നായിട്ടുണ്ട്. 👌

    ReplyDelete
  6. This comment has been removed by the author.

    ReplyDelete

Post a Comment