ഒരു കൊറോണക്കാലത്തെ പ്രണയം

അങ്ങനെ ഒരു കൊറോണക്കാലത്ത്

         പലതും പുനർനിർവചിക്കപ്പെടുന്നത് പ്രതിരോധത്തിന്റെ  പടച്ചട്ട അണിയുമ്പോൾ ആണ്. കൂട്ടി വെച്ചതും കാത്തുവച്ചതും പ്രതീക്ഷയുടെ കൊടുമുടിയിൽ കെട്ടിപ്പൊക്കിയതുമെല്ലാം ആശങ്കയുടെ വലിയ കയത്തിൽ പെട്ടെന്ന് ആഴ്ന്നു പോകുന്നത് നിസ്സഹായതയോടെ കണ്ടുനിൽക്കാൻ പോലും സാധിക്കാതെ  നിയന്ത്രണങ്ങൾ മുറുകുമ്പോൾ ഒറ്റപ്പെടലിന്റെ  ഐസൊലേഷനുകൾ   ഓരോ മനുഷ്യനും നൽകുന്നത് ചില പുനർവായനകൾ ആണ്.
   ജീവനും ജീവിതത്തിനും മനുഷ്യനും മനുഷ്യത്വത്തിനും അപ്പുറം എല്ലാത്തിനും  സോപ്പിൽ പതിഞ്ഞു തള്ളുന്ന ആണുക്ക ളുടെ വില മാത്രമേ ഉള്ളു എന്ന സത്യം.



           പ്രണയം - ദ്വന്ദ  സങ്കൽപ്പത്തിൽ നിന്നും പെരുകി പ്രപഞ്ച വ്യാപിയാകുന്നത് ഈ കൊറോണ  കാലത്തെ പ്രത്യേക കാഴ്ചയാണ്. ഒരു നിമിഷം കൊണ്ട് ഒരു സൂക്ഷ്മ ജീവിയെ പേടിച്ച് മാസ്ക്കിന്റെ സുരക്ഷിതത്വത്തിലും,  സോപ്പിന്റെ പ്രതിരോധത്തിലും, സാമൂഹ്യ അകലത്തിന്റെ  കരുതലിലും അഭയം തേടുന്ന മനുഷ്യൻ,... എത്ര പെട്ടെന്നാണ് വ്യത്യസ്ത വീക്ഷണകോണുകളിലൂടെ ലോകത്തെ നോക്കിക്കാണുന്നത്....
   

           ഏതു മുക്കിൽ നിന്നാണ് ഈ വിനാശകാരി പടർന്നു കയറുക എന്ന അജ്ഞത എല്ലാ വശങ്ങളെയും എല്ലാ മനുഷ്യരെയും ഉൾക്കൊള്ളിക്കുന്ന പദ്ധതികളിലേക്ക് ചുരുങ്ങാൻ നമ്മളെ നിർബന്ധിതരാക്കുന്നു. സാനിറ്റായ്സറും,  സോപ്പും, ശുചീകരണ സാമഗ്രികളും എല്ലായിടത്തും എത്തുന്നു.....
 റോഡിൽ റിക്ഷ ചവിട്ടുന്ന
അരപ്പട്ടിണിക്കാരനും മാസ്ക് നൽകപ്പെടുന്നു.. സൗജന്യറേഷൻ എല്ലായിടത്തും എത്തിച്ചേരുന്നു...


              ചൈനയും ഇറാനും നൽകുന്ന പാഠങ്ങൾ വലുതാണ്‌.  ശ്രദ്ധയുടെയും   മുൻകരുതലിന്റെയും  കൃത്യമായ നടത്തിപ്പിന്റെയും  അപാകത അവിടെ വിതച്ച മഹാമാരി ലോകം കണ്ടു ഞെട്ടിയ താണ്.
 സമൂഹ വ്യാപനം എന്ന പിടികിട്ടാത്ത പകർച്ച പടർന്നുകയറി കാർന്നുതിന്ന് ഒരു ജനതയുടെ ആത്മവിശ്വാസത്തെ കൂടിയാണ്.
 "എന്റെ ജോലി, എന്റെ സമയം എന്റെ സുരക്ഷാ എന്റെ കാര്യങ്ങൾ"
 അല്ലെങ്കിൽ കുടുംബത്തിന്റെ നാല് ചുമരുകളിൽ ഒതുങ്ങുന്ന "നമ്മുടെ കാര്യങ്ങൾക്ക്" പുറത്ത് ഉത്തരവാദിത്തപ്പെട്ട പൗരൻ എന്ന നിലയിൽ കൈക്കൊള്ളേണ്ട തീരുമാനങ്ങൾ സ്വന്തം സുഖത്തിനും സൗകര്യത്തിനും വേണ്ടി നിസ്സാരമായി മറക്കുന്നവർ ഇന്ന് വേദനിക്കുന്നുണ്ടാവും.     ലോക മാനവികതയോട്  കാണിക്കാത്ത സ്നേഹത്തെയും  കരുതലിനെയും ഉത്തരവാദിത്വത്തെയും  കുറിചോർത്ത്......


                     ഇവിടെ പൊതു വാഹനങ്ങളിൽ ഇരുന്നു തുമ്മിയാൽ സഹയാത്രികർ ഉള്ളിൽ പകച്ചു പോവുകയാണ്‌. വ്യക്തിയെ ഒറ്റപ്പെടുത്തിയും,  വ്യക്തിഹത്യ ചെയ്തും പോലീസിലേൽപ്പിച്ചും  കരുതൽ ശക്തിപ്പെടുത്തുകയാണ്‌. അതേസമയം കൂട്ടംകൂട്ടമായി കടകൾ കയറി കാലിയാക്കുന്നതിലും ,  ജയ് വിളിക്കുന്നതിലും  അവർക്ക് "കോവിഡ്" ഭയം ഉണ്ടാകുന്നില്ല. അധിക അറിവിന്റെ ഇരട്ടത്താപ്പ് ഭയാനകമാണ്.... ദുരൂഹമായ റൂട്ട് മാപ്പുകൾ ഉള്ളവരുടെ അനാസ്ഥയും ക്രൂരതയും മറ്റൊരു ദുരന്തം..


     ഞാൻ എന്നത് ഞാൻ മാത്രമല്ല എന്നതാണ് ആദ്യ പാഠം. ഒറ്റക്കൊരു നിലനിൽപ്പില്ല. എന്റെ കൈ എത്ര കഴുകിയാലും സോപ്പ് ഇല്ലാത്തവർ ബാക്കി ആകുമ്പോൾ ഞാൻ സുരക്ഷിത ആകുന്നതെങ്ങനെ??
 ഇവിടെ ഉണരേണ്ടത് നാർസിസ്റ്റ് പ്രണയങ്ങളും ബന്ധു പ്രണയങ്ങളും അല്ല സമൂഹം എന്നത് തന്റെ കൂടി ഉത്തരവാദിത്വമാണ് എന്നുള്ള തിരിച്ചറിണ്‌ . ബോധവൽക്കരിച്ചും, ഭയപ്പെടുത്താതെയും, സഹകരിച്ചും അനുസരിച്ചും, സഹജീവിച്ചും
( അകലം പാലിച്ചുകൊണ്ട്) പ്രതിരോധിക്കാവുന്നതേ
ഉള്ളൂ.....
   

                             രാവും പകലും അറിയാതെ അധ്വാനിക്കുന്ന ആരോഗ്യ ഭരണ ശുചീകരണ പോലീസ് വകുപ്പുകളെ അനുസരിക്കുക.
ചോദ്യം ചെയ്യപ്പെടേണ്ടതും  തിരുത്തപ്പെടേണ്ടതും ഉണ്ടായേക്കാം. വിയോജിപ്പുകൾ ഒരുപാട് കാണും. പക്ഷേ സമയം ഇതല്ല.
 ഒരു ഐസിയു ബെഡിനു വേണ്ടിയും വെന്റിലേറ്ററിനു വേണ്ടിയും  തമ്മിൽ തല്ലേണ്ടി വരരുത് നമുക്ക്. ഹൃദയവേദനയോടെ വയോധികരെ മരണത്തിലേക്ക് തള്ളി വിടേണ്ടി വരരുത്.


                 മറ്റൊരാളുടെ സുരക്ഷയിലാണ് നമ്മുടെയും സുരക്ഷ.
 അകലം പാലിക്കണം പരസ്പരം ശരീരം കൊണ്ട് മനസ്സുകൊണ്ട് ഒറ്റക്കെട്ടായി പ്രതിരോധിക്കണം.
 അസൂയയും , പൊങ്ങച്ചവും ,  കാപട്യവും അഴിമതിയും ഒറ്റക്കെട്ടിന്റെ സോപ്പ് പതയിൽ ഇല്ലാതാകട്ടെ.....
 നിന്നോടും എന്നോടും നമ്മളോടും  ഉള്ള  ആ വലിയ പ്രണയത്തിന്റെ കവചത്തിലെ എനിക്ക് നിന്നെ ഒന്ന് ആലിംഗനം ചെയ്യാനാകൂ......
 കൈയൊന്നു ചേർത്തു പിടിക്കാൻ ആകൂ...          

          ഈ ചിന്തയിൽ ഉയരട്ടെ നമ്മുടെ ആരോഗ്യ സാമൂഹ്യബോധവും അവബോധവും.......


ജാഗ്രത മാത്രം
നമ്മൾ അതിജീവിക്കും
പ്രതിരോധത്തിലൂടെ............

                           
                                         അഞ്ജന വി

Comments

Post a Comment