നഗര യാമങ്ങൾ



 ഉറങ്ങാത്ത രാത്രികളുടെ മഞ്ഞവെളിച്ചം
 അരണ്ട തെരുവുകളിലെ മങ്ങിയ തെളിച്ചം
 നിത്യകന്യകയായി  ചമയും നഗരത്തിന്റെ
 അലസിയ ഗർഭക്കണക്കുമായി മറ്റൊരു നഗര യാമം

 ചിലരുടെ തുറന്ന കണ്ണുകൾ കൊണ്ട്
 പലരും ഉറങ്ങുന്ന വിചിത്ര നഗരം
 പലരുടെ കണ്ണീരും വിയർപ്പും ഇന്ധനമായി
 സുഖമായി ഓടുന്നു ചിലരുടെ ജീവിതം

 അതിജീവനത്തിന്റെ  അത്താണിയായി
 അത്യാഗ്രഹത്തിന്റെ കാവലാളായി
 അരങ്ങുകാണാത്ത നടൻമാരുടെ
 ആരും കാണാത്ത തട്ടകമായി

 അതിരുകൾ കുറയുന്ന
 അടവുകൾ മാറുന്ന
 അലിവിന്റെ മാംസത്തിൽ ഇറങ്ങാത്ത
 അമ്പുകളുടെ ആവനാഴി ഈ നഗരം

 സ്വപ്നം പേറി നീങ്ങുന്ന കോലങ്ങൾ 
 ജീവിത ചിത്രത്തിന് നിറം ചാർത്താൻ
 ഓടവേ  ഇറ്റു വീഴും നിറങ്ങളെ
 ഒപ്പിയെടുക്കാൻ ഇഴയുന്ന ജന്മങ്ങൾ

 വാണിഭം വാണിടും
 വാഴ് വിന്റെ  മാറിടം
 ഉടലിന്റെ  ഇച്ഛയ്ക്കായി 
 ഉയിരിന്റെ  ജീവനം 

 ഇടറാത്ത തൊണ്ടയും
 പതറാത്ത കാലും
 അറയ്ക്കാത്ത മനസ്സും
 കൈ മുതലാക്കും നഗരം

 നാറുന്ന ബീഡി ചുണ്ടിനും
 വിയർപ്പ് വറ്റിയ കാക്കിക്കും
 ഓരം ചേരാൻ ഉടലുകൾ, 
 നോട്ടുകൾ മറയും കവലകൾ 


 ദ്വന്ദ ലിംഗങ്ങൾക്കും അപ്പുറം
 ജീവിതങ്ങൾ കാഴ്ചയാകും നഗരം
 പകൽ തളർന്നു ഉറങ്ങാൻ വേണ്ടി
 ചിരിച്ചു ചുഴിയിൽ വീഴ്ത്തും യാമങ്ങൾ



 എഴുതിത്തള്ളും കേസുകെട്ടായി
 എത്രയോ തീവണ്ടി പാളങ്ങളിൽ
 ഒടുങ്ങും കഥകൾ,  കടംകഥകൾ
 നിലാവും വഴിവിളക്കും സാക്ഷിയായി.

 അന്തിമയങ്ങുമ്പോൾ തിരികത്തും
 ലഹരിക്ക് നഗരത്തിന്റെ ആസക്തിയോളം 
 കൊണ്ടുപോകാൻ ആയിട്ടില്ല ആരെയും
 ഇന്നേവരെ,  ഇനി ആവുകയും ഇല്ല.

 അകലെ തിരയിളക്കം കേൾക്കും
 കടൽത്തീരവും നീലവെളിച്ചവും
 പുലരിയെ പേടിക്കും രൂപങ്ങൾ അകലവേ 
 ഈ നഗരയാമങ്ങളിൽ പുലരുന്നത് 
പലരുടെ അന്നം.


                                               അഞ്ജന  വി 

Comments

  1. Universal facts and feelings
    Its applicable to every urban lives
    I feel u covered almost all in these lines
    Nice words to portray some harsh realities
    I hear the snore of a lioness somewhere around ��

    ReplyDelete

Post a Comment