ലോകം ആഗോളഗ്രാമമെങ്കിലും പൈതൃകശോഷണം നമ്മുടെ വേരറുത്തേക്കാം...

തിരിച്ചുവരാം 




വരുത്തൻ  ആഫ്രിക്കൻ മുഴുവുമായ് 
കറുത്ത പല്ല് കാട്ടി ചിരിക്കുമ്പോൾ 
മുഴുത്ത വരാല് വഴുതിപ്പോയ 
ഈ  വഴിമറന്ന വിരുന്നുകാരാ 

കടുകെണ്ണയിൽ ജീരകം പൊട്ടുമ്പോൾ 
അരിച്ചാക്കിൽ ഗോതമ്പ് വീർത്തു പൊട്ടുമ്പോൾ 
ഓരോ കുറിപ്പിനും പല ഭാഷയിൽ മഷിപടരും 
ഓരോ പ്രചാരണവും  പലർക്കായി ശബ്ദമുതിർക്കും 


ആതിഥേയത്വത്തിന്റെ പര്യായം പലപ്പോഴും 
കഴുക്കോലിളക്കും പര്യായമായി പ്രയോഗിച്ചു
അലസതയുടെ  സത്കാരം കൊണ്ടും കൊടുത്തും
കൊഴുത്തു കിതച്ചു തളർന്നു മലയാളി 

ഒഡിയ, ബംഗാളി, തമിഴും, ആസാമീസും 
പുതുതായി പലതും പഠിക്കും നമ്മൾ 
അറിവിൻ്റെ  തലച്ചോറിന് ഘനം കൂടുമ്പോൾ 
ഹൃദയത്തിൻ ആർദ്രത കുറയും ചിലപ്പോൾ 



സൂക്ഷ്മ ദർശനികൾക്ക്  ശക്തി ഏറുമ്പോൾ 
നാലുപാടും  കാണാ കുരുടന്മാർ ആകും 
നിഴലുകൾ കൂടുമ്പോൾ അറിയാതെ നമ്മളും 
ഇരുട്ടിന്റെ മാറിൽ ഒളിവിൽ കഴിഞ്ഞിടും 
നഷ്ടപ്പെടും മുഖങ്ങൾ തേടി 
ഭ്രഷ്ടപൈതൃകം കേഴും വഴിയോരങ്ങളിൽ 

തിരിച്ചുവരണം തുമ്പപ്പൂ അതിരിട്ട വീട്ടിൽ 
കഥകളി മുത്തശ്ശന്റെമടിയിൽ 
തുള്ളൽ അമ്മാവന്റെ ചിരിയിൽ തിരിയും ചിന്തയിൽ 


അക്ഷരമുറ്റത്ത്  ചമ്രം പടിഞ്ഞിരിക്കണം 
ഇളനീർ കുടിക്കണം  ചാണകം മെഴുകണം 
ഭ്രഷ്ടപൈതൃകത്തിന്റെ  പുള്ളികുത്തിയ ശിരസ്സിൽ  
കൈകുമ്പിൾ നിറയെ ആറ്റുവെള്ളം  തൂവണം 
അവിടെ കിളിർക്കും 
പുതു വേരുകളിൽ 
ചൂടണം  ദശപുഷ്പം 

തിരിച്ചുവരവ്  തിരിച്ചറിവാണ് 
അറിവിന്റെ മഹാസാഗരം 
കടന്ന് പോയിട്ടും 
തിരിഞ്ഞു നോക്കുമ്പോൾ 
ഒഴിഞ്ഞ ഇടങ്ങളിലേക്ക് 
തിരികെ എത്താം നമുക്ക്. 
    
                                അഞ്ജന  വി 

Comments