വിവാഹം -സ്വപ്‌നങ്ങൾ കനലാക്കി ദം ഇടുന്ന ജീവിതത്തിന്റെ രുചി

ബിരിയാണി




ദിവസവും  മുട്ട ഇട്ടിരുന്ന കോഴിയെ
കൊന്ന് പൂട കളഞ്ഞത് ഇക്കാക്കയാണ്
മസാല പുരട്ടി വർത്തമാനം പറഞ്ഞു
അമ്മായിമാർ ചിരിച്ചതെന്നെനോക്കിയാണ്
"നല്ല  വർക്കത്തുള്ള  കോഴ്യായിരുന്നു  ...."
ഉമ്മുമ്മ  അസുഖകട്ടിലിൽ നിന്നും
തൈലം മണക്കുന്ന കൈ ചൂണ്ടി പറഞ്ഞു
ഉപ്പാക്ക് ബേജാറ് ഒഴിഞ്ഞ സമയല്യ.
ഇന്നാലും  ഇനി കോഴിയെ കുറുക്കൻ
പിടിക്കൂന്നാധി കേറി നട്ടപാതിരായ്ക്ക്
ഉമ്മാന്റെ ഉറക്കം കെടുത്തണ്ടല്ലോ




ചെക്കനും വീട്ടാരും  ദം പൊട്ടണനേരം
കൊണ്ട് എല്ലും നെയ്യും ബാക്കിയാക്കി.
കൂനേല്  എക്കിട്ട് പോലെ പ്ലാസ്റ്റിക്
പ്ലേറ്റുകൾ  കുമിഞ്ഞു കൂടി.
എത്ര വെള്ളം കുടിച്ചിട്ടും
കോയക്കന്റെ ബിരിയാണിന്റെ
ഉഷാറ്   വന്നില്ലെന്ന നേരമ്പോക്ക്
പാക്കും കൂട്ടി തിന്നിട്ടും എക്കിള്
മാറാതെ  തൊണ്ടെ  കുരുങ്ങി നിന്നു .
മെല്ലെ ഉരുണ്ടു കൂടി ഓക്കാനം
പോലെ കൂനേലേക്കോടി .



പപ്പും    പൂടയും മുതൽ തിന്ന
എല്ലും ,കറിവേപ്പിലയും  ഒടുവിൽ
വന്നവരുടെ  ഛർദിലും പേറി
കൂന   മൊഴിചൊല്ലിയ പെണ്ണിനെ പോലെ
എല്ലാമുള്ള ഒന്നുമില്ലാത്തവളെ പോലെ
വീടിന്റെ തെക്കേ മുറ്റത്ത്  ഒറ്റയ്ക്ക്  നിന്നു .

                                             അഞ്ജന  വി


Comments

Post a Comment