84 ലെ  ഏഴു ദിനങ്ങൾ 


ഭംഗിയുള്ള പൂക്കൾക്കിടയിൽ വിറങ്ങലിച്ചു കിടക്കുമ്പോഴാണ് ഓർത്തത്, എനിക്ക്  പറയാനുള്ളത്. ഞാൻ ത്രേസ്യ ഫെർണാണ്ടസ്., 84, മരണം  03.05.2014 അല്ല അതിനും ഒരാഴ്ച്ച മുൻപ്. കറുത്ത വലിയ കോഫിൻ ആണിത്. മഴക്കാറുള്ള ഇരുണ്ടു കൂടുന്ന മേഘങ്ങൾക്കിടയിലൂടെ  പണ്ട്  അങ്ങാടിയിൽ പോകുമായിരുന്നു. മഴ തുള്ളി പോലും പെയ്യാതെ കബളിപ്പിക്കുമ്പോൾ തണുത്ത കാറ്റും ഇടിയും എന്നെ ഭയപ്പെടുത്താറില്ലായിരുന്നു. റബ്ബർ മരങ്ങൾക്കിടയിലൂടെ  വളർന്നു കപ്പയും കാച്ചിലും നട്ട്  പന്തലിച്ച ഈ മനസ്സിൽ വലിയ ശബ്ദങ്ങൾക്കോ, ഭയത്തിനോ സ്ഥാനമുണ്ടായിരുന്നില്ല.

        ഇപ്പൊ മഴപെയ്യുന്നുണ്ടെന്നു തോന്നുന്നു. എല്ലാവരും കറുത്ത കുടയ്ക്കുകീഴെ പള്ളി വരാന്തയിലേക്ക് ഓടി കയറി കാണണം. നനഞ്ഞ മണ്ണിൽ എത്ര ഞാഞ്ഞൂളുകളും, പുഴുക്കളും ഊളിയിടുന്നുണ്ടാവും.... ഈ കോഫിൻ ശക്തിയുള്ളതാണ്. ഞാൻ നനയില്ല. വെള്ള കയ്യുറയിൽ ചെളിയുമാകില്ല. 'വെള്ള '  എന്റെ മനുഷ്യായുസ്സിലെ വിശിഷ്ട നിറം. നേഴ്സ് ആകാൻ വേണ്ടി മാത്രം ജനിച്ചവൾ.... നീണ്ട 40 വർഷങ്ങൾ.. എത്രയോ കാണാത്തതും അറിയാത്തതുമായ രോഗങ്ങൾ, രോഗികൾ, മരുന്നിന്റെ വേദനയുടെ രോഷത്തിന്റെ കുറ്റബോധത്തിന്റെ നീറ്റുന്ന വരാന്തകൾ. പ്രതീക്ഷയുടെ ഒരു വാതിലിൽ നിന്നും നിരാശയുടെ മറുവാതിലിലേക്ക് നീണ്ടൊടുങ്ങുന്ന ആശുപത്രി. 

           പക്ഷെ കഴിഞ്ഞഒരാഴ്ച ഞാൻ ഇതുവരെ കാണാത്ത കേൾക്കാത്ത അറിയാത്ത ഒരാശുപത്രിയിലായിരുന്നു. ഞാൻ 40 വർഷം ജോലി ചെയ്ത ആശുപത്രിയിൽ. ഞാൻ അല്ലാതായ്തീർന്ന എന്റെ ശരീരം ( മനസ്സും ) അവിടെ നിന്ന് ഇന്നാണ് ഈ ചളി മണ്ണിലേക്ക് കയറുകൊണ്ട് ഇറക്കിവെച്ചിട്ടുള്ളത്. 

       വെന്റിലേറ്ററിന്റെ പല കുഴലുകൾ, വയറുകൾ ഇറുകി മുറുകി ഇഴപിരിഞ്ഞു കിടന്ന കട്ടിലിൽ കിടക്കുമ്പോൾ അപ്പുറത്തെ കിടക്കയിൽ ഒരു അഞ്ചു വയസ്സുകാരി ഭൂമിയിലെ ഭാരങ്ങൾ ഇറക്കി വെച്ച്  യാത്രയായിക്കഴിഞ്ഞിരുന്നു. കിളി കൊത്തിവീണ പഴം അശുദ്ധമാകുമ്പോൾ അവ മധുരമുള്ളതെങ്കിലും മാവിൻചോട്ടിൽ അനാഥമായി കിടക്കും.
      ആ കുഞ്ഞ് എന്റെ ഓർമ്മയുടെ അടഞ്ഞ അറകൾ  തുറന്ന് കൊലുസു കെട്ടിയ കാലടികളാൽ അവിടമെങ്ങും നിറഞ്ഞു നിന്ന നിശബ്ദത മാറ്റി. വെള്ള കുഞ്ഞുടുപ്പിൽ കുഞ്ഞുമാലാഖ കിന്നരി പല്ലുകാട്ടി ചിരിച്ചു. ഇടക്ക് തുടക്കുനടുവിൽ  വിരലമർത്തി വിങ്ങി വിങ്ങി കരഞ്ഞു. പാവം  കുട്ടി..... ഞാനെന്തു ചെയ്യും...ഈ മൂക്കിലിറക്കിവെച്ചതും നെഞ്ചിൽ ഒട്ടിച്ചുവെച്ചതുമെല്ലാം എന്നെ വല്ലാതെ ബന്ധിച്ചിരിക്കുന്നു.
      അമ്മയാകാതെ ഒരായിരം കുഞ്ഞുങ്ങളെ കയ്യിലേറ്റുവാങ്ങിയ നേഴ്സ് അല്ലെ ഞാൻ. സ്വന്തമെന്നു പറയാൻ ഒരേയൊരു സഹോദരി. തലങ്ങും വിലങ്ങും സ്വന്തക്കാരും ബന്ധുക്കളും, താവഴികളും  കെട്ടിപ്പിണഞ്ഞു കിടക്കുന്ന ഈ വലിയ ഗോളത്തിൽ  എനിക്ക് ഒരേയൊരു രക്തബന്ധു.

      ആ  കുഞ്ഞ് എന്റെ സഹോദരിയാണോ?
കുഞ്ഞുനാളിൽ എന്നെ പറ്റിച്ചു റബ്ബർ താഴ്‌വരയുടെ ചതുപ്പുകളിലെവിടെയെങ്കിലും ഒളിക്കുന്ന, വരണ്ട കനാലിൽ ചാരി മുട്ടുമടക്കി ചിത്രകഥ വായിക്കുന്ന ആ അഞ്ചു വയസ്സുകാരി?
     പുറത്തെല്ലാം ഭദ്രമാണ്. സിഗ്നൽ നിയന്ത്രിതമായി  നിറങ്ങൾ മാറ്റിക്കൊണ്ട് ഗതാഗതം സുഗമമാക്കുന്നു. അതിന്റെ ഇരമ്പലുകൾക്ക്  കാതോർക്കാതെ ഈ  വലിയ കെട്ടിടം പക്ഷെ ഒറ്റപ്പെടുന്നതെന്തേ? ഓരോ വാഹനവും ഓരോ ലോകമാകുമ്പോൾ ഞാനും ഈ കുഞ്ഞുമുള്ള ലോകം ആർക്ക് വേണം. കാറുകൾ, പുതിയ പാട്ടുകളും ചിരികളും കേട്ട് റേഡിയോ ചാനൽ  മാറ്റുമ്പോൾ പുറത്ത് ഒരേ സന്ധ്യയുടെ ചുകപ്പ് കലർന്ന കറുപ്പ്  ഒരു മഴക്കാടെന്നോണം അടുത്ത ട്രാക്കിലോടുന്ന കെ സ് ആർ ടി സി  ബസ്സിനെ ഓർമ്മിപ്പിച്ചു. ആ ഇരുണ്ട ഭൂഖണ്ഡം എന്നും അവഗണിക്കപ്പെട്ടവരുടെയും അംഗീകരിക്കപ്പെടാത്തവരുടെയും ഒക്കെ ആണെന്നെനിക്കുതോന്നി. എങ്കിലും പലകൈവഴിയിലൂടെ, പല ഇടങ്ങളിലേക്ക് ഒരു ബിന്ദുവിലൂടെ ഓരോ തുരുത്തുകളും തേടി.......
      ഒഴിഞ്ഞ ബെഡിന്റെ  അരികത്തു അവളുടെ അമ്മയുടെ കണ്ണുനീർ വീണടിഞ്ഞു  ഉറച്ചുപോയതുപോലെ  പകുതി തീർന്ന ഗ്ളൂക്കോസ് സ്റ്റാൻഡ് വെളുത്ത വെണ്ണക്കല്ലുപോലെ നിന്നു. എനിക്ക് വല്ലാത്ത വേദന തോന്നുന്നു. ജനൽപ്പാളിക്കപ്പുറം ഈ തിരക്കിന്റെലോകത്ത്  സമയത്തെ മാത്രം ഉപാസിച്ചു ജീവിക്കുന്നവർ. ആ ലോകത്ത് അവളിനിയില്ല, ആ കുഞ്ഞുചിരിയും

           തുടരും........ 
          അഞ്ജന വി 


        

Comments

Post a Comment