ഞാൻ പിറക്കാതെ പോയ ഇന്നലെകൾ (80-കൾ )

ഭാഗം 1

    ഒരു താരത്തെയും ഇതുവരെ പ്രണയിക്കാൻ തോന്നിയിട്ടില്ല. ആരാധിക്കുക എന്നതിനപ്പുറം അവർ വേറെ വ്യക്തികളാണെന്ന്‌  മനസ്സിലാക്കിയിട്ടുണ്ട്.
 എന്നാൽ ചില കഥാപാത്രങ്ങൾ ഗ്രസിച്ച നടന്മാർ ഉണ്ടാകും അവരെ അവരായ്  കാണാൻ സാധിക്കാത്ത വിധത്തിൽ കഥാപാത്രത്തിന്റെ മജ്ജയും മാംസവുമായി തീർന്നവർ. അത്തരം ഒരു നടനെ ഞാൻ പ്രണയിച്ചിട്ടുണ്ട്.

           കണ്ണുകളിൽ ദുഃഖത്തിന്റെ  ആഴം അതിന്റെ എല്ലാ ശോക ഭാവത്തോടെയും പ്രകടമാക്കുന്ന,  അതിതീവ്രമായ പ്രണയദാഹം മുഖമാകെ പ്രസരിക്കുന്ന വേണുനാഗവള്ളി......
 എന്റെ ലൈസൻസ് എടുക്കാത്ത സ്വപ്ന സഞ്ചാരത്തിലെ  എന്റെ വേണു ചേട്ടൻ!
     എത്ര കണ്ടാലും മതിവരാത്ത ഒരു ഇന്ദ്രജാലം അദ്ദേഹത്തിന്റെ മുഖത്തുണ്ട്. ചലനങ്ങളിൽ പോലും കാന്തികവലയം ഉണ്ട്.
 വില്ലനായി വെള്ളിത്തിരയിൽ വന്നാൽ പോലും നമ്മെ കൊത്തി വലിക്കാൻ കെൽപ്പുള്ള കടുത്ത ബ്രൗൺ നിറമുള്ള കണ്ണുകൾ.
 കരളിൽ വിരിഞ്ഞ പൂക്കൾ രാഗമാലികയായി അണിയാൻ
അനുരാഗിണിക്ക്  നൽകുന്നത് കുറച്ച് അസൂയയോടെ എത്ര മാത്രം കേട്ടിരിക്കുന്നു കണ്ടിരിക്കുന്നു
            കുലീനത പൊതുവേ സ്ത്രീകൾക്ക് നല്കപ്പെടുന്ന പുരുഷന്റെ ഔദാര്യമാണ്. എന്നാൽ ഞാൻ കണ്ട കുലീനനായ ഒരു പുരുഷനാണ് വേണുനാഗവള്ളി. സംസാരത്തിന്റെ  ഇടവേളകളിലും നോട്ടത്തിന്റെ എടുപ്പിലും അദ്ദേഹം പ്രേക്ഷകരുമായി സംവദിക്കുന്നത് ശ്രദ്ധേയമാണ്. മഹാനടൻ എന്നോ താരമെന്നോ എന്നൊന്നും പറഞ്ഞു സ്ഥാപിക്കുക അല്ല എന്റെ ലക്ഷ്യം
 അദ്ദേഹത്തിന്റെ പടങ്ങൾ( അഭിനയിച്ചവ)  എല്ലാം കാണുമ്പോൾ ലഭിക്കുന്ന അനുഭവം അത് ആ വ്യക്തിപ്രഭാവം അല്ലാതെ മറ്റൊന്നല്ല.
                   എന്തിനും പോന്ന നായകനെ, തന്റേടിയായ,  ദൃഢഗാത്രനായ, ധൈര്യശാലിയായ ഒരു പുരുഷ സങ്കല്പത്തിൽ വിരാജിച്ചിരുന്ന  മലയാള സിനിമയിൽ തികച്ചും ദുർബല ഹൃദയനും,  അലസനും മൂകനുമായ ഒരു നായകനെയോ,  നടനെയൊ  പ്രേക്ഷകർ ഉൾക്കൊണ്ടു  എങ്കിൽ (സംവിധായകരുടെ വലിയ പങ്ക് ഗൗനിക്കുന്നു ) അതിൽ തീർച്ചയായും അത്തരം ദൗർബല്യങ്ങളെ  സ്നേഹിക്കുന്ന ഹൃദയങ്ങൾ (സ്ത്രീയും- പുരുഷനും) സഹൃദയർക്ക് ഇടയിൽ ഉണ്ടായിരിക്കണം.
 നാറുന്ന ജുബ്ബയിലും,  തേങ്ങുന്ന കണ്ണുകളിലും,  ഇടറുന്ന ചുണ്ടുകളിലും തന്റെ പുരുഷനെ കാണാൻ സ്ത്രീക്ക് കഴിഞ്ഞു എങ്കിൽ അവർക്ക് ജീവിതത്തോട് അടുത്തുനിൽക്കുന്ന ഒരു അനുഭവമാണ് ആ സിനിമ നൽകിയത് എന്ന് സാരം.

           vulnerable ആയ സ്നേഹത്തെ എല്ലാ അർത്ഥത്തിലും ആവാഹിക്കുന്ന പുരുഷൻ സ്ത്രീകൾക്ക് പ്രിയങ്കരനാണ്‌. അവനെ നെഞ്ചോട് ചേർത്ത് ആശ്വസിപ്പിക്കാൻ,  ധൈര്യം പകർന്നു ചേർത്തുനിർത്താൻ ഒരു സ്ത്രീക്ക് കഴിയും പോലെ ആർക്കും സാധിക്കുകയുമില്ല. പുരുഷ സദസ്സുകളിൽ പലപ്പോഴും അവർ തെറ്റിദ്ധരിക്കപ്പെടുകയൊ,  അവഗണിക്കപ്പെടുകയോ പരിഹസിക്കപ്പെടുകയോ  ആവാം.
 
       ഏതു സ്ത്രീയുടേയും ഒഴിഞ്ഞ ഇടങ്ങളിൽ താൻ സ്വപ്നം കാണാറുള്ള ചേർത്തുനിർത്താൻ കൊതിക്കുന്ന ഒരു പുരുഷൻ ഉണ്ടാകും. കാമത്തിന്റെ  അളവുകോലുകൾക്കപ്പുറം ലഭിക്കുന്ന സ്നേഹത്തിന്റെ കരുതലിന്റെ  ഒരു രതിമൂർച്ഛയ്ക്കും തളർത്താൻ ആവാത്ത നിരന്തര പ്രണയത്തിന്റെ ഇടത്താവളം.  അപ്രാപ്യമായ ഒരു സ്നേഹവലയം.... തൊട്ടശുദ്ധമാക്കാത്ത കരുതലിന്റെ  കരസ്പർശം....
 തന്റെ സ്വൈര്യ വിഹാരങ്ങളിൽ,
ഏച്ചുകൂട്ടാനാകുന്ന ദിവാസ്വപ്നങ്ങളിളെ നായകൻ.
   
ഇനിയും പകൽക്കിളി പാടിയെത്തട്ടെ         ഇനിയും ത്രിസന്ധ്യ പൂ ചൂടി നിൽക്കട്ടെ ഇനിയും നമ്മൾ   വസന്ത വനി കളിലൂടെ നടന്നു ചെല്ലട്ടെ

    .... ഒരു പ്രണയ പ്രവാഹമായ് വന്ന  നടന്റെ വിയോഗത്തിൽ കോളേജിലെ ക്ലാസ്സ് മുറിയിൽ ഇരുന്നു ചുറ്റുംമറന്നു  ഒരു 18 വയസ്സുകാരി തേങ്ങിയിരുന്നു.  ഇന്നും പ്രണയം എന്നാൽ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്ന അതിഗൂഢ സുസ്മിതം അത് അത് വേണു ചേട്ടൻ മാത്രമാണ്......

      .ഞാൻ പിറക്കാതെ പോയ ഇന്നലെകൾ...എൺപതുകൾ
 എന്നെ വേട്ടയാടുന്നു. ഇന്നും യുവത്വം തുളുമ്പുന്ന എൺപതുകൾ. മണ്മറഞ്ഞു പോയിട്ടും അഭ്രപാളികളിൽ തെളിയുന്ന നമ്മുടെ പ്രിയപ്പെട്ട കഥാപാത്രങ്ങൾ. അവ യായി മാറിയ നടീനടന്മാർ അവരെ സൃഷ്ടിച്ചെടുത്ത മായ ജാലക്കാരായ  സംവിധായകർ....... ഇന്നും കേൾക്കാൻ കൊതിക്കുന്ന ഗാനങ്ങളൊരുക്കിയ ഗാനരചയിതാക്കൾ സംഗീതസംവിധായകർ അങ്ങനെ അങ്ങനെ.....
                            തുടരും.....

Comments

  1. Verute e mohangal enariyumbozhum
    Verute mohikuvan moham


    Venuetan was such an outstanding idol and crush of many respectable ladies

    brilliant observation

    ReplyDelete
  2. പ്രണയം, കാവ്യാത്മകതയെ തൊട്ടു തലോടുന്ന മൃദു വികാരം .... വരികളിലെ പ്രണയവും ഒരു സുലൈമാനിയും ഉണ്ടെങ്കിൽ പറയുവാനേറെ ... നിമിഷങ്ങൾ. ഇനിയും ഇത്തരം ലേഖനങ്ങൾ പ്രതീക്ഷിക്കുന്നു.

    ReplyDelete

Post a Comment