വിലാസം 



വാടകക്ക് തങ്ങുകയാണ് സ്വന്തം മണ്ണിൽ
വിലാപങ്ങൾ ഒഴിയാത്ത ഇടത്താവളത്തിൽ
ഇടക്ക് അലറി, ചിതറി തെറിക്കുന്നു
ഭയം തിന്ന കണ്ണുകളും ,ഒഴിഞ്ഞ മനസ്സും.



മുട്ടാൻ   വാതിലുകളും ,ഓർക്കാൻ ചരിത്രവും
ബാക്കിയാക്കാതെ  തകർത്ത മതിലുകളിൽ
നാടിൻറെ പേര് മാത്രം  അവശേഷിപ്പിച്ചുകൊണ്ട്
കാത്തുകിടപ്പാണവർ ,കണ്ണിൽ
പാഞ്ഞുപതിച്ച  തീഗോളങ്ങളുടെ വെളിച്ചം
പോലും പതിയാതെ ...പതറാതെ
രക്തത്തിന് ചുകപ്പ് തന്നെ നിറമുള്ളവർ !!!



വികാരം കൊണ്ട് തീർത്ത  ദേശത്തിന്റെ
ഭൂമിശാസ്ത്രത്തിൽ അടയാളപ്പെടുത്താത്ത  മണ്ണിന്റെ
പേറ്റുനോവും പേറി
വിസ്മൃതിയിൽ  വേരറുത്തിട്ടും
പുതുനാമ്പുകൾ കരിയാതെ
ഉയിർപ്പുകൊള്ളുന്ന
പാലസ്‌തീൻ !


നീ പൊരുതുക
നേടുക
മണ്ണൊലിച്ചു പോകട്ടെ !
നിന്റെ ആണുങ്ങൾ അഴിക്കുള്ളിൽ അടയട്ടെ
നീ നോമ്പ് നോൽക്കുക
നിന്റെ അവസാനത്തെ അമ്മയുടെ
മകന് വേണ്ടി
അവന്റെ പിഞ്ചു ഹൃദയത്തിലും
തുടിക്കുന്ന നിന്റെ പേരിനു വേണ്ടി
_പാലസ്തീൻ ...............




                                                                                   അഞ്ജന വി 

Comments

Post a Comment