ഒറ്റ പെയ്ത്ത് 


ചെമ്പകത്തിന്റെ ചോട്ടിൽ അന്നിരുന്നപ്പോഴും 
വാസനതൈലം പുരട്ടിയെന്തേ നീ വന്നു 
മധുരമുള്ള മാമ്പഴക്കാലത്തിലും നീ 
നിറമുള്ള കമ്പോളചാറുകൾ  മോന്തി 

ഒപ്പം നടക്കാനായി കൈ കോർത്ത സ്വപ്‌നങ്ങൾ 
പായുന്ന ബുള്ളറ്റിൻ ഒച്ചയിലാണ്ടുപോയി 
ഒന്നിച്ചു പാടുവാൻ കാത്തൊരാ ഗാനങ്ങൾ 
ഒന്നിച്ചിരുന്നിട്ടും ഒറ്റക്ക്  മൂളി നീ 


പുതു സ്വപ്‌നങ്ങൾ വാങ്ങാനായി  ഇന്നലെയുടെ 
ഓർമ്മകളെ വിൽക്കുമ്പോൾ നീ 
പുത്തനാം കാലത്തിൻ  ലാഭപ്പൊലിമയിൽ 
എൻ സ്നേഹനഷ്ടം കാണാതെ പോയല്ലോ


കണ്ണീരും കയ്യുമായി കാത്തിരിക്കില്ല ഞാൻ 
നിറമേഴും കവിതയായ് പ്രണയം വിളമ്പില്ല 
ഒറ്റപ്പെയ്ത്തിൽ, ഒറ്റക്ക് നനയാൻ 
തിരിച്ചു കിട്ടിയ ആയുസ്സിനെ 
സ്വത്വബോധത്തിന്റെ വിഹായസ്സിൽ 
ദൂരെ  മഴവില്ലോളം  പറത്തണം 
എനിക്കെന്റെ വിയർപ്പും ഉപ്പും  പേറി 
പുതു പുലരിയിലെ മഞ്ഞു നനയണം. 

             അഞ്ജന വി 

Comments

Post a Comment