മതം 



കഥയെനിക്കറിയില്ല  പക്ഷെ
കേൾക്കാൻ സമയമില്ല
എങ്കിലും നായകൻ ജോറാണ്
എല്ലാരും പറയുന്നു ;അതുകൊണ്ട് ഞാനും


പതിരില്ലാത്ത നെല്ല്
പുഴുവില്ലാത്ത മാമ്പഴം
തെറ്റില്ലാത്ത ശരി
മതമുള്ള ദൈവം

പഴുതുകളടച്ച കഥയത്രേ
കഥയിൽ ചോദ്യം ചോദിച്ചാൽ
ചോദ്യങ്ങൾ ഉരുണ്ടുകൂടും
തുള വീണ ഏടുകൾ നോക്കി
ജനം കൊഞ്ഞനം കുത്തും
അതുകൊണ്ടിതിൽ ചോദ്യമില്ല.



ഒരു തിരഞ്ഞെടുപ്പാണിത്.
തിരിയേണ്ടകാലത്തു  തോന്നേണ്ടവ
അല്ലെ തലതിരിഞ്ഞു  കാട്ടുന്നവ
തിരുത്താൻ കാലം കാക്കൂല്ല.

'ഭയം ' എന്ന ലഹരി
മതമെന്ന വീഞ്ഞിൽ നിറയുന്നു
വിവേകമെന്ന ദൈവം
പുണ്യഗ്രന്ഥ്ത്തിൽ  ഒതുങ്ങുന്നു

കഥയറിയാതെ കടംകൊണ്ട വാക്കുകൾ
ചോര വീഴ്‌ത്തുന്ന  നാൾവഴികൾ
പുസ്തകചട്ടയിലെ  ദൈവമല്ല
ചങ്കിലെ നന്മയാം  ശക്തിയല്ലോ
നശ്വരം ഈ ലോക മർത്യർക്കെല്ലാം
മംഗളം  നൽകുവാൻ ശ്രേഷ്ഠമെന്നും


വാക്കിന്റെ വാള്മുനയിൽ സത്യം ജയിക്കാൻ
കഥകളറിയേണം ബുദ്ധികൊണ്ട്
ഒരു  കഥയല്ല, എന്റെ കഥയല്ല
ഏവരുടെയും കഥ കേൾക്കണം
ഒറ്റക്ക് വായിക്കണം, പഠിക്കണം
പകർത്തനം, ഗർജ്ജനങ്ങളെക്കാൾ
മൂർച്ഛയേറും  മനനത്തിലൂടെ.

അപ്പോൾ നായകൻ  നമ്മളാകും
നിറ ചൈതന്യമെന്നും  നമ്മളിലാകും
വാക്കിന്റെ  വാൾത്തല  വെട്ടിമാറ്റും
ലോക തിന്മയും, ദുഷ്കര കർമ്മങ്ങളും


മതമെന്ന വികാരം
മനുഷ്യനെന്ന വിചാരത്തിൽ
അലിയുന്ന മാത്രയിൽ
ഈ  ലോകം സുന്ദരം
ശാശ്വതം, ശാന്തം.

                                             അഞ്ജന  വി


Comments

Post a Comment