സത്യം കഴിഞ്ഞ കാലം :അവ്യക്തമായ മനസ്സും അരക്ഷിതമായ ചിന്തയും

മനസ്സും ശരീരവും


വാവിട്ട വാക്കിൽ പിടഞ്ഞ നെഞ്ചും
കൈവിട്ടായുധത്തിൽ മുറിഞ്ഞ ദേഹവും
പൂരകങ്ങളായ് നേടിയതൊക്കെയും
വേറിട്ടുപോകുന്ന ജീവിതം വിസ്മയം.

'എന്റെ മനസ്സ്' 'മനസാക്ഷി'-കഠിന പദങ്ങൾ
പഥങ്ങൾ പിന്നിടാൻ നാക്കുകൊണ്ടാ-
വോളം പിറുപിറുക്കവേ മറ്റൊരു
ഇന്ദ്രിയവിസ്‌ഫോടനത്തിൽ ശരീരം തേങ്ങി.

കണ്ണീരായ് പ്രവാഹം - എന്നെ അറിയാ-
ത്തൊരെന്റെ ദേഹവും ദേഹിയും
ലോകത്തെ വെല്ലുന്ന ശബ്ദമാകാതെ
നെഞ്ചുകാണാതെ ഞാൻ തിരിഞ്ഞു നടപ്പൂ.

പ്രണയം നീലം പൂശിയ മാനം കാണാ -
നിഷ്ടമെങ്കിലും രാത്രിതണുപ്പേൽക്കാതെ
ദേഹം പുതപ്പിന്റെ ചൂടിലൊളിപ്പൂ
ഉള്ളിലെ വേവുന്ന ചൂടറിയാതെ...

തത്ത്വങ്ങൾ ആശയങ്ങൾ രസാവഹമാം
ചിന്തകൾ മഷിയിലമർന്നുകിടന്നു.
പന്തം കൊളുത്താതെ കൈ തടഞ്ഞു.
തിരിഞ്ഞു നടക്കാൻ ആജ്ഞാപിപ്പൂ..

നടുറോഡിലെ രക്തപ്പുഴകണ്ട്
കണ്ണടയൂരി നടക്കാൻ ആരാഞ്ഞു
പ്രണയത്തിന്റെ  പുതുവല്ലരിയിൽ
ഒരു മൊട്ടുപിറക്കാതെ കൂമ്പിയൊതുക്കി

ബന്ധങ്ങളുടെ പൊട്ടിച്ചിരികൾക്കിടയിലെ
മൗനം രുചിച്ചു മദ്യം മോന്തി
വാചാലമാകും ഏകാന്തതയിൽ
തിരകളെണ്ണുമ്പോൾ എന്നിലേക്കു നോക്കി .

പഴയ ബട്ടൺപൊട്ടിയ ഷർട്ടുകൾ
മുനയൊടിഞ്ഞ പെൻസിലുകൾ
വിയർപ്പു പൊടിഞ്ഞ പുസ്തകകവറുകൾ
ആകാശം കാട്ടാത്ത മയിൽ‌പീലിതുണ്ടുകൾ.

മനസ്സ് ഓടാൻ പറഞ്ഞപ്പോൾ
മതിലുചാടി തോട്ടിലിറങ്ങി
തോർത്തു വിരിക്കാൻ ചൊല്ലും
മുന്നെ മുണ്ടിൽ നീന്തിയ കുഞ്ഞൻ മീനുകൾ

വലിയ സ്രാവുകൾ കരയിൽ അടിയുന്നിന്ന്
മിണ്ടാട്ടം മുട്ടി ഞാൻ മാറിനിൽക്കുന്നു .
"നീ ഭീരു....." ഉള്ളിൽ തിളച്ചോരക്ഷരങ്ങളെ
 ഡയറിയുടെ കവചത്തിലൊളിപ്പിച്ചുവെപ്പൂ

കാണാതെ കുളിമുറിയുടെ കണ്ണാടി
നോക്കി നാലക്ഷരം ഉറക്കെച്ചൊല്ലുമ്പോൾ
അടുക്കളയിലെ ചട്ടുകം ശബ്ദമുണ്ടാക്കവെ
വെക്കം വിഴുങ്ങിയവ ഷവറിന്നുകീഴെ....

അന്തിചർച്ചകളിലെ യുദ്ധലഹരിയിൽ
രോഷവും പുച്ഛവും പരിഹാസവും പൂക്കുമ്പോൾ
അബലരാം പ്രാരാബ്ദങ്ങളുടെ പ്രതിനിധി
ചമഞ്ഞു ഓട്സ് കഞ്ഞികുടിച്ചുചടഞ്ഞിരുന്നു....

ആദർശം ഇല്ലാത്തത് കുറ്റമല്ല
ഉണ്ടായിരുന്നവ വിറ്റതും ഇന്ന് തെറ്റല്ല
ഇരുനില വീട്ടിലെ  ഇടുങ്ങിയ മുറികളി-
ലിരുന്ന്  ഭൂതകാലം ചികയാൻ തടസ്സവുമല്ല .

ഒറ്റപ്പെടലിന്റെ ഭീതി.. നഷ്ടമാകും
ലൗകിക സുഖഭോഗങ്ങളുടെ കൊതി
തികട്ടി വന്നിടും സത്യങ്ങളെപോലും
ഉള്ളിലേക്ക്  തികട്ടാൻ  നിർബന്ധിപ്പൂ.

ആശയങ്ങളില്ലിന്ന്; മത്സരം മാത്രം
ചിന്തകളില്ല എവിടെയും ചന്തമാത്രം,
സത്യം കഴിഞ്ഞ കാലത്ത് മനസ്സ്
മറവു ചെയ്തേ ജീവിക്കാവൂ.

ഭരണവും രാഷ്ട്രവും കുത്തകകളും
മാധ്യമവും പാടുന്ന പാട്ടുമാത്രമേ കേൾക്കാനുള്ളു
വരിതെറ്റിയാലും ശ്രുതിപിശകിയാലും
കണ്ണടച്ചിരുട്ടാക്കിയാലേ ഉറങ്ങാനാവൂ.

ഒരു നാൾ ഊന്നു വടികൊണ്ടു
ലോകം ചുറ്റാൻ വെറുതെ കൊതിച്ചാലും
പൊന്താൻ വിസ്സമ്മതിക്കും ദേഹവും
എത്ര കൊതിച്ചാലും മനസ്സേ നിന്റെ

കാലത്തിന് ആദിമധ്യാന്തമുണ്ടെടോ
ഇന്നുപറയേണ്ടവ  മൂടിയെന്നാൽ
നാളെ അവ പൊന്തിയെന്നുവരാം
കാണാൻ നാം ഉണ്ടാകണമെന്നില്ല

സത്യമെന്നാൽ ഞാനും എന്റെ
ഞാനും തമ്മിലുള്ള ബന്ധമാണ്
അവിടെ ശക്തിയുണ്ട് ധർമ്മമുണ്ട്
ഏത് സുഖത്തേക്കാളും ശാന്തിയുണ്ട്.

ഒരു വാൾത്തലക്കു തീർന്നാലും
വാഴ്‌വ് മുഴുവനും നീതിയുണ്ട്
സ്വന്തം മനസ്സിലെ ന്യായാധിപന്
കണ്ണുകെട്ടി ആ നീതി നടപ്പാക്കാം
ഭാരം തങ്ങാത്ത ആയുസ്സിന്
സ്വച്ഛമായ് ഒന്ന് നിശ്വസിക്കാം
ദേഹിയും ദേഹവും ചേർന്ന്
കൃതാർത്ഥമായ് ജീവിച്ചതായാശ്വസിക്കാം!!

Comments

Post a Comment