ഇരുവഴി








                     നല്ല  സൗഹൃദങ്ങൾ  ഒരു ഭാഗ്യമാണ് . എല്ലാവര്ക്കും  കിട്ടുക   അത്ര

 എളുപ്പമല്ല . വെള്ളിത്തിരയിൽ  ആഘോഷരാവുകളിലും  ഏകാന്തതയിലും 

 ഒരുപോലെ കൂട്ടാവുന്ന  സുഹൃത്തുക്കൾ  ജീവിതത്തിൽ 

വിരളമാണെങ്കിലും  ,ഒരു നല്ല  സുഹൃത്ത്  ഒരു  ജീവിത വിജയം  തന്നെയാണ്.



                    മറ്റ്‌  ചില  സൗഹൃദങ്ങളുണ്ട് .അടുത്തറിഞ്ഞിട്ടുണ്ടാവില്ല 

.ഒരുപക്ഷെ  പേരുപോലും  പറഞ്ഞിട്ടുണ്ടാവില്ല...എങ്കിലും അടിക്കിടെ 

കാണുന്നുണ്ടാവും, പുഞ്ചിരിക്കുന്നുണ്ടാവും .കാഴ്ച്ചയിൽ അപ്രത്യക്ഷരായി 

 നടന്നു നീങ്ങുന്ന ചിലർ.  റെയിൽവേ  പ്ലാറ്റ് ഫോമിൽ  തീവണ്ടി വരുമ്പോൾ 

തിരക്കിൽ  ഒരു നോട്ടം പായിച്ചു സൗഹൃദം പുതുക്കുന്നവർരാകാം . ബസ്സിൽ 

ടിക്കറ്റ് എടുക്കാൻ നേരം പിറകിലുള്ള ആൾ എടുത്തെന്നുപറഞ്ഞു 

 തിരിഞ്ഞു നോക്കുമ്പോൾ കൈമാറുന്ന ഒരു പുഞ്ചിരി  ആകാം .




                                         എന്നാൽ  അതിർവരമ്പുകൾ   വരയ്ക്കാനാകാത്ത  ചില 

സൗഹൃദങ്ങൾ   മനസ്സിലെ  മഞ്ഞ വെളിച്ചം പോലെയാണ് .അടുത്ത നിമിഷം 

അത്   പച്ച  ആകുമോ  അതോ തിരിച്ചു    ചുകപ്പ്  നൽകുമോ എന്ന 

ആശയകുഴപ്പത്തിലായിരിക്കും .

                               പ്രത്യേകിച്ചൊരു  ആൺ -പെൺ  സൗഹൃദത്തിൽ.

ഏതെങ്കിലും ഒരു നിമിഷത്തിൽ നഷ്ടപെട്ട തീവണ്ടിക്ക് പിറകിലെ  ' X '  മുദ്ര 

നോക്കി  നെടുവീർപ്പിടും പോലെ ആ സൗഹൃദത്തിന്റെ നിറം  

മാറിയിരുന്നെങ്കിൽ എന്നാശിക്കും .പെട്ടെന്ന്  തന്നെ   പാഞ്ഞു  പോയ  

പാസഞ്ചറിനു  പിന്നിൽ    അപ്രതീക്ഷിതമായി   എത്തിയ  സൂപ്പർ ഫാസ്റ്റ്  

 കണ്ട്  പാസ്സഞ്ചറിൽ  കയറാഞ്ഞത്    നന്നായി  എന്ന തോന്നലുമുണ്ടാകാം

 .ആ  നഷ്ടത്തിന്  ഒരു സുഖമുണ്ട് .നിൻറെ  പിറകെ വന്നാലും  ഞാൻ  

നിനക്കായ് അവിടെ നേരത്തെ തന്നെ കാത്തിരിപ്പുണ്ടാകും എന്ന 

പോലെ....നിന്നെ  കളിയാക്കാനും 
 ചൊടിപ്പിക്കാനുമായി ...



              പരസ്പരം  ഇഴഞ്ഞു പിരിഞ്ഞു  നീളുന്ന  പാളങ്ങൾ  പോലെയാണ് 

ജീവിതം.എത്രയോ  വണ്ടികൾ  പല  ഇടങ്ങളിലേക്ക്  പോകുന്നു .എത്ര 

ശ്രദ്ധയോടെ  പരസ്പരം  തട്ടാതെ  ബുദ്ധിമുട്ടുണ്ടാകാതെ....എന്നാൽ  പാളം 

 ഇടക്ക് തെറ്റാറില്ലെ ?? മനസ്സും .
                                        




                                    ചുരിദാറിൻറെ  പിന്നിലെ  താഴ്ന്ന   സിബ്ബ്  അവനെ കൊണ്ട് 

കയറ്റി ഇടിയ്ക്കുമ്പോൾ  മനസ്സിൽ ഉറച്ച  വിശ്വാസമാണുണ്ടായിരുന്നത് .

അവൻ  എന്റെ  ഏറ്റവും നല്ല സുഹൃത്താണെന്നത്.

പരസ്പര  ബഹുമാനം  എന്നത് കാണാൻ കഴിയുക ,അനുഭവിക്കാൻ 

സാധിക്കുക   സ്വന്തമല്ലാത്ത വസ്തുക്കളിലും  ഇടങ്ങളിലുമാണ് . 'എന്റെ '

'എന്റേതാണ് '  എന്നീ  സ്വാർത്ഥ മുഖം മൂടികളിൽ  തന്റെതുമാത്ര --

മാക്കുന്നതിന്റെ   ധാർഷ്ട്യവും  അമിതാഹ്ലാദവും  എന്നും കാണും 

.എന്റേതല്ലെങ്കിലും  എനിക്കൊരുപാട്  ഇഷ്ടമുള്ള  ഒന്നിനോട് ഇപ്പോഴും  ഒരു 

മമത ഉണ്ടായിരിക്കും .ഒരു തണുത്ത  വെളുപ്പാൻ  കാലത്തെ  ട്രെയിൻ  യാത്ര 

പോലെ.......ആ  ഒഴുക്കിൽ പലതും പിന്നോട്ട് മറയുന്നെങ്കിലും  ആ 

 നിമിഷത്തിന്റെ  തണുപ്പിൽ ,സുഖത്തിൽ സന്തോഷത്തിൽ മാത്രം 

ശ്രദ്ധയൂന്നാൻ  നമുക്കാകുന്നു .
    

                                എങ്കിലും തിരിഞ്ഞു നോക്കാൻ ശ്രമിച്ചിട്ടില്ലേ ??

ഏറെ  ദൂരം  മുന്നോട്ടു പാഞ്ഞപ്പോൾ  പിറകിലായ പലതും 

നഷ്ടബോധത്തോടെ കഴുത്ത് ഏന്തിവലിഞ്ഞും നോക്കാൻ ശ്രമിച്ചിട്ടില്ലേ ??

അതാണ് നേരത്തിന്റെയും കാലത്തിന്റെയും കൗശലം .


                                   മറ്റൊരാളായി    മാറി  പിന്നീട് വെറും ബാഹ്യമായ 

ആചാരവാക്കുകളിൽ  ആ സൗഹൃദം  തകർന്നടിയുന്നതും കണ്ടിട്ടുണ്ട് 

ഒരുപാട്.ഒരു ജാള്യതയോടെ ,നാണത്തോടെ,ഭയത്തോടെ 

'സുഹൃത്തായിരുന്നു '  എന്ന് പ്രിയപ്പെട്ടവരോട്  പറയേണ്ടി വരിക 

ദുഖകരമാണ് .അപകടം പറ്റിയ തീവണ്ടി  നിമിഷങ്ങളുടെ  വ്യതാസത്തിൽ 

നഷ്ടപെട്ടപ്പോഴുള്ള  ആശ്വാസത്തെക്കാൾ  ഒരു  ശൂന്യത  മനസ്സിൽ തോന്നുന്ന 

ചില  സന്ദർഭങ്ങൾ പോലെ .




                                                  വിവാഹശേഷം   നമുക്കൊരുമിച്ചു   ഹിമാലയത്തിൽ

 പോകണം  എന്ന്  പറഞ്ഞ ഒരു  കൂട്ടുകാരനെനിക്കുണ്ടായിരുന്നു .എന്റെ 

ഭാര്യയുടെയും നിന്റെ ഭർത്താവിന്റെയും സമ്മതത്തോടെ നമുക്ക് 

പോകണം എന്നവൻ പറഞ്ഞപ്പോൾ അന്നത്ഭുതം   തോന്നി .പക്ഷെ  ഇന്ന്   

വാട്ട്സാപ്പ്    മെസ്സേജുകൾക്ക് പോലും എത്തിപെടാനാകാത്ത  മറ്റൊരു  

ഹിമാലയത്തിലെ ഗുഹയിലാണവൻ .എന്റെ സാന്നിധ്യം 

അസ്വസ്ഥനാക്കുന്നതിനാൽ   പിന്നീട്  'ഹായ് ' മെസ്സേജുകൾ  

അയക്കാതെയായി .
   

                     എന്റെ     ആത്മാവിന്റെ  ഹിമാലയത്തിൽ  വെള്ള മഞ്ഞുപോലെ 

 വിമലമായിരുന്നു ആ  ബന്ധം.അറിഞ്ഞുകൊണ്ട്  തടയിട്ട  ഒരു ചെക്ക്ഡാം  

പോലെ  കുത്തിയൊഴുകാതെ  ഞാൻ  തടം കെട്ടി  നിർത്തി മനസ്സു കൊണ്ടു

 അടിവരയിട്ട ബന്ധം -എന്റെ സുഹൃത്ത് .


                                     വാക്കിന്റെ തൊലിപ്പുറത്തിനപ്പുറം  മനസ്സിനൊരു 

മാംസമുണ്ടെന്നറിയാവുന്നതുകൊണ്ട്  മാത്രം .കേവലം 

സാധാരണക്കാരിയായ ഒരു  സ്ത്രീയെന്ന നിലയിലെ  ആത്മസംയമനം .

.സദാചാരത്തിന്റെ    വെള്ളിവേലികളില്ലെങ്കിലും  ഇരുവഴി തേടി 

യാത്രയാവുന്നവർക്ക്  അവരുടെ താവളം  അറിയാം . ഇടവേളകളിൽ  അത് 

ഭേദിക്കുക  ആ  ബന്ധത്തിന്റെ  സുഖവും ,സുരക്ഷയും ,സൗന്ദര്യവും  

അറിയാത്തവരായിരിക്കും  തീർച്ച . ജനൽ കമ്പിയുള്ള സീറ്റ് ചോദിച്ചു 

വാങ്ങുന്നവർ കാറ്റിന്റെ ആലിംഗനത്തിൽ ഒതുങ്ങുമ്പോൾ 

തൊട്ടടുത്തിരിക്കുന്നവർക്ക് കാഴ്ചയും  കാണാം തണുപ്പിന്റെ ഇളം പുതപ്പും 

പുതച്ചുകൊണ്ട് .ചെറിയ  ത്യാഗങ്ങളിൽ ഉയിർ കൊള്ളുന്നത് വലിയ 

അനുഭവങ്ങളായിരിക്കാം .

                 എനിക്ക്  നഷ്ടപെട്ട ഹിമാലയം പോലെ ..................



                           എത്ര   വൈകി ഓടിയാലും തീവണ്ടിക്കായ് കാക്കുന്നപോലെ .... 

ഒരു നാൾ ഈ സ്റ്റേഷനിൽ  തീർച്ചയായും  എത്തും എന്ന വിശ്വാസത്തിൽ ...........




                                                                                                                  അഞ്ജന    വി .


                                         




                                     



              







Comments

Post a Comment