നഖമെഴുത്തുകൾ 





നഖമുനകൊണ്ടുള്ള  ആംഗ്യങ്ങളിൽ 
തളിരിട്ട പ്രേമം നഖത്തോടോതി 
"ഇങ്ങനെ നീട്ടി വളർത്താതെ 
വെട്ടരുതോ ... നീറിയിട്ടു പാടില്ല "

നിറങ്ങളിൽ ഛായമെഴുതിയവ  പണ്ട് 
അഭിനന്ദനമൊരുപാട്  ഏറ്റുവാങ്ങിയതാണ് 
പിന്നീട് നിറം മങ്ങിയും ശോഭകെട്ടും 
വക്കുപൊട്ടിയും പഴി കേട്ടതുമാണ് .

മറ്റ്  പുതു നഖവർണ്ണനകളിൽ 
വശ്യമായ  നിറഭേദങ്ങളിൽ ഇന്ന് 
ഞങ്ങളുടെ വിരലുകൾ അകന്നുമാറി 
മോന് ചോറുരുട്ടാൻ പാടെ വെട്ടിയകറ്റി ഞാൻ  .

ശില്പബിംബ കല്പനകളിലെ  ഒരധ്യായത്തി- 
നപ്പുറം  നഖത്തിനും എഴുതാനുണ്ട് 
ജീവനുള്ള ഉയിരിലെ ജീവനറ്റ തെളിവായ് 
വളർന്നതും തളർന്നും പിഴുതും പോയ കഥകൾ 

പച്ച ഈർക്കിലിൽ  തുളച്ചുകയറിയ 
ചോര പൊടിഞ്ഞ വീർത്ത വിരലുകൾ  
മുതൽ ,ഒടുക്കം  നീലിച്ച ചലിക്കാത്ത
 ഉയിരിന്റെ അവസാന അധ്യായം വരെ  


                  വെട്ടിമാറ്റാൻ എളുപ്പമായുള്ള കഥകൾ 
ഒന്ന്  കോറിയാൽ   പഴുക്കുന്ന 
ചീയുന്ന  ഭയപ്പെടുത്തുന്ന കഥകൾ 
എത്ര പിഴുതലും വീണ്ടും പൊന്തി വരുന്നവ .

വന്യമാം   വിരൽ നഖമുനയുടെ 
പദ്യവർണ്ണനയുടെ സ്വപ്ന സുഖം 
നീറും  മാംസ ചീളുകളിൽ നിറയും 
ബെറ്റാഡിന്റെ   മടുപ്പിക്കും   മണം .

ഇനിയും നഖമുറിവുകൾ തുടരും 
നഖമെഴുത്തും  മഷിയിലെ  നനവും 
നീളും നടുവിരൽ പോലെ 
സ്വപ്നവും ജീവിതവും രണ്ടാകുമ്പോൾ ! !

അഞ്ജന വി 



Comments

Post a Comment